ഞങ്ങളെ ആക്രമിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരും; സനായില്‍ ആക്രമണം നടത്തിയശേഷം നെതന്യാഹു; ഹൂതികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇസ്രയേല്‍; അടുത്തത് യെമന്‍?

ടെല്‍ അവീവ്: ഞങ്ങളെ ആക്രമിക്കുന്നതാരാണെങ്കിലും വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമുള്ള സനായില്‍ ആക്രമണം നടത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒരു സൈനിക കേന്ദ്രത്തെയും ഇന്ധന സംഭരണശാലയെയും രണ്ട് വൈദ്യുതി നിലയങ്ങളെയുമാണ് ഇസ്രായേല്‍ വ്യോമസേന ലക്ഷ്യമിട്ടത്. യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതികള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ നിരീക്ഷിച്ച ശേഷം ടെല്‍ അവീവിലെ ഇസ്രായേല്‍ വ്യോമസേനയുടെ കമാന്‍ഡ് സെന്ററില്‍ നിന്ന് സംസാരിക്കവെയാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്.
‘ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങള്‍ തിരിച്ചടിക്കും. ആക്രമിക്കാന്‍ പദ്ധതിയിടുന്നവരെയും ഞങ്ങള്‍ തിരിച്ചടിക്കും. ഇസ്രായേലിന്റെ ശക്തിയും നിശ്ചയദാര്‍ഢ്യവും ഈ പ്രദേശം മുഴുവന്‍ മനസിലാക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇസ്രായേലിനെതിരായ ആക്രമണത്തിന് ഹൂതി ഭീകരഭരണകൂടം വലിയ വില നല്‍കേണ്ടിവരുമെന്നും അത് നല്കിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി’ഹീബ്രു ഭാഷയിലുള്ള വീഡിയോ ആണ് നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ടത്.
ഇസ്രായേല്‍ യെമനിലെ ഹൂതി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം നശിപ്പിച്ചതായി പ്രതിരോധ മന്ത്രി കാറ്റ്സ് അവകാശപ്പെട്ടു, എന്നാല്‍ ഈ വാര്‍ത്തകളോട് യെമന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഹൂതികള്‍ ഇസ്രായേലിന് നേരെ ഒരു മിസൈല്‍ തൊടുത്താല്‍ അവര്‍ക്ക് പല മടങ്ങായി തിരിച്ചുകിട്ടുമെന്നും നെതന്യാഹു.
ഇസ്രയേല്‍ നടത്തിയ നിരീക്ഷണത്തില്‍ നേരത്തേ ഹൂതികള്‍ ആദ്യമായി ഒരു ക്ലസ്റ്റര്‍ ബോംബ് വാര്‍ഹെഡ് ഉള്ള മിസൈല്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. യെമന്‍ തലസ്ഥാനമായ സനായില്‍ ഞായറാഴ്ച നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ ആറ് പേര് കൊല്ലപ്പെട്ടതായി രാജ്യത്തെ ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ അറിയിച്ചു. ഹൂതി നിയന്ത്രണത്തിലുള്ള സാബ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപതിലധികം പേര് ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. israel-yemen-conflict-netanyahu-warning-attackers-houthi-in-yemen-supporting-iran






