കശ്മീരില്‍ നിന്നുവരെ ആളെയിറക്കി ബിജെപിയ്ക്ക് വോട്ടു ചെയ്യിക്കുമെന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവന ; ഫാസിസ്റ്റ് നിലപാടാണെന്നാണ് എം വി ഗോവിന്ദന്, ന്യായീകരിച്ച് എം ടി രമേശ്

തൃശൂര്‍: കശ്മീരില്‍ നിന്നുവരെ ആളെയിറക്കി ബിജെപിയ്ക്ക് വോട്ടു ചെയ്യിക്കുമെന്ന ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമാക്കി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു. എവിടെനിന്നും വോട്ടുചേര്‍ക്കുമെന്ന് പറയുന്നതിന് പിന്നില്‍ ഫാസിസ്റ്റ് നിലപാടാണെന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.
കശ്മീരില്‍ നിന്നും ആളെയിറക്കേണ്ട സാഹചര്യം ഇല്ലെന്നും ഇവിടെത്തന്നെ ശശി തരൂര്‍ മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ളവര്‍ ഇവിടെ ഉണ്ടല്ലോ എന്ന് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പരിഹസിച്ചു. തൃശ്ശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന.
വേണ്ടിവന്നാല്‍ ജമ്മു കശ്മീരില്‍ നിന്ന് വരെ ആളെക്കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിക്കുമെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്നും അത് നാളെയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതോടെ ബി ഗോപാലകൃഷ്ണന്റെ ന്യായീകരിച്ച് ബിജെപി നേതാവ് എം ടി രമേശ് രംഗത്തെത്തി.
നിയമാനുസൃതമെങ്കില്‍ ആര്‍ക്കും എവിടെയും വോട്ട് ചെയ്യാമല്ലോ എന്നായിരുന്നു എം ടി രമേശിന്റെ വിശദീകരണം. ജനപ്രാതിനിധ്യ നിമയമനുസരിച്ച് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാകുകയും ആറ് മാസം ഒരിടത്ത് താമസിക്കുകയും ചെയ്താല്‍ ആര്‍ക്കും വോട്ട് ചേര്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിയമാനുസൃതമെങ്കില്‍ തനിക്ക് കശ്മീരിലും വോട്ട് ചേര്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






