തര്ക്കിച്ചിട്ടെന്തിനാടാ… വാഹനം മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; നടുറോഡില്‍ ഏറ്റുമുട്ടി നടന് മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും; കസ്റ്റഡിയില്‍ എടുത്തു, പിന്നീട് വിട്ടയച്ചു

തിരുവനന്തപുരം: നടുറോഡില്‍ കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു. കഴിഞ്ഞദിവസം രാത്രി 11-ഓടെ തിരുവനന്തപുരം ശാസ്തമംഗലം ജങ്ഷനിലായിരുന്നു സംഭവം.
ശാസ്തമംഗലത്തെ വീട്ടില്‍നിന്ന് വെള്ളയമ്പലത്തേക്ക് പോവുകയായിരുന്നു നടന് മാധവ് സുരേഷ്. ഇവിടെവെച്ച് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണ ഓടിച്ച വാഹനവുമായി നേര്‍ക്കുനേര്‍ വരികയായിരുന്നു. വാഹനം കൂട്ടിമുട്ടുന്ന സ്ഥിതിയിലേക്ക് വന്നപ്പോള്‍, അവിടെ തന്നെ നിര്‍ത്തി ഇരുവരും പുറത്തിറങ്ങി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കെപിസിസി അംഗമാണ് വിനോദ് കൃഷ്ണ.
തര്‍ക്കത്തെ തുടര്‍ന്ന് ആളുകൂടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. 15 മിനിറ്റോളം ഇരുവരും വാക്കുതര്‍ക്കത്തില്‍ എര്പ്പെട്ടു. വിനോദ് കൃഷ്ണ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുള്ളതായി വിനോദ് പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് മാധവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
വിനോദിനോടും പോലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനയില്‍ മാധവ് മദ്യപിച്ചില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ മധ്യസ്ഥചര്‍ച്ച നടത്തി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പരാതിയില്ലെന്ന് വിനോദ് എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് മാധവിനെ വിട്ടയച്ചത്.






