Breaking NewsIndiaLead NewsNEWS

നടിയെ പോലുള്ള രൂപം ലഭിക്കാന്‍ മൂന്ന് മണിക്കൂര്‍ വ്യായാമം, ഗര്‍ഭച്ഛിദ്രം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി

ലക്നൗ: ബോളിവുഡ് നടിയുടെ രൂപത്തിലെത്താന്‍ യുവതിയോട് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും കൊടുംക്രൂരത. നടി നോറ ഫത്തേഹിയുടെ രൂപം ലഭിക്കാന്‍ തന്നെക്കൊണ്ട് മൂന്ന് മണിക്കൂര്‍ നിര്‍ബന്ധിച്ച് വ്യായാമം ചെയ്യിപ്പിക്കുമെന്നും ചെയ്തില്ലെങ്കില്‍ ഭക്ഷണം തരില്ലെന്നുമാണ് 26കാരിയായ യുവതി വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ഭര്‍ത്താവ് സ്ത്രീലംബടനാണെന്നും തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്നും ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു.

ഗസിയാബാദ് സ്വദേശിയാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരതകള്‍ക്കിരയായത്. കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമായിരുന്നു. സ്ത്രീധനമായി 16 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം, 24 ലക്ഷം രൂപയുടെ മഹീന്ദ്ര സ്‌കോര്‍പിയോ കാര്‍, പോക്കറ്റ് മണിയായി പത്തുലക്ഷം രൂപ എന്നിവയുള്‍പ്പെടെ 75 ലക്ഷം രൂപയാണ് പെണ്‍വീട്ടുകാര്‍ ചെലവഴിച്ചത്. സര്‍ക്കാര്‍ സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അദ്ധ്യാപകനാണ് വരന്‍.

Signature-ad

ഭര്‍തൃമാതാവ് എപ്പോഴും വീട്ടുജോലികള്‍ ചെയ്യിപ്പിക്കുമെന്നും ഭര്‍ത്താവുമൊത്ത് പുറത്തുപോകാന്‍ അനുവദിക്കാറില്ലെന്നും യുവതി പറഞ്ഞു. മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. ഭാര്യക്ക് നോറ ഫത്തേഹിയുടേതുപോലുള്ള രൂപം വേണമെന്നാണ് ഭര്‍ത്താവ് ആഗ്രഹിച്ചത്. അതിനായി ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമം ചെയ്തില്ലെങ്കില്‍ ദിവസങ്ങളോളം ഭക്ഷണം തരില്ല. ആവശ്യത്തിന് പൊക്കവും വെളുത്ത നിറവും ഉണ്ടായിട്ടും ഭര്‍തൃവീട്ടുകാര്‍ ബോഡി ഷെയ്മിംഗ് ചെയ്യുമെന്നും യുവതിയുടെ പരാതിയിലുണ്ട്. സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും വസ്തുവും വേണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെടും. നിരസിച്ചാല്‍ മാനസികമായി പീഡിപ്പിക്കുമെന്നും യുവതി വ്യക്തമാക്കി.

മകളുടെ അവസ്ഥ മനസിലാക്കിയ വീട്ടുകാര്‍ കഴിഞ്ഞ ജൂണില്‍ യുവതിയെ വീട്ടില്‍ തിരികെ കൊണ്ടുവന്നു. ജൂലായില്‍ അസുഖബാധിതയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെയാണ് ഗര്‍ഭം അലസിയത്. രണ്ടാഴ്ചയ്ക്കുശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് 14നാണ് യുവതി ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്.

 

 

Back to top button
error: