സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു; യുദ്ധത്തില്‍ ഇറാനും ക്ഷീണിച്ചു; ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിയുമായി ലെബനന്‍ മുന്നോട്ട്; പദ്ധതി സമര്‍പ്പിക്കാന്‍ സൈന്യത്തിനു നിര്‍ദേശം; പിന്തുണച്ച് ഇസ്രയേലും അമേരിക്കയും; ഒരാള്‍ പോലും ശേഷിക്കില്ലെന്ന ഭീഷണിയുമായി നയീം ക്വാസിം; ലെബനനില്‍ ഇനിയെന്ത്?

ബെയ്‌റൂട്ട്: മോട്ടോര്‍ സൈക്കിളുകളില്‍ ചീറിപ്പാഞ്ഞെത്തുന്ന ഒരുപറ്റം ആളുകള്‍. കൈയില്‍ ഹിസ്ബുള്ളയുടെ പതാകകള്‍. അവര്‍ റോഡുകള്‍ തടയുകയും ടയറുകള്‍ കത്തിച്ചെറിയുകയും ചെയ്യുന്നു. ഇവരില്‍ ചിലരെ ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രതിഷേധത്തിന് അയവു വന്നിട്ടില്ല. ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ലെ നിര്‍ണായക ശക്തിയായിരുന്ന ഹിസ്ബുള്ള അഥവാ ‘ദൈവത്തിന്റെ പാര്‍ട്ടി’യെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങിയിരിക്കാന്‍ ഔദേ്യാഗിക സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെ ലെബനീസ് തെരുവുകളിലെ കാഴ്ചയാണിത്.
ഓഗസ്റ്റ് അഞ്ചിനാണ് ലെബനന്റെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിക്ക് ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയത്. ‘ലെബനനില്‍ ഒരാള്‍പോലും ശേഷിക്കില്ലെ’ന്നാണ് ഈ നീക്കത്തിനെതിരേ രംഗത്തുവന്ന ഹിസ്ബുള്ള തലവന്‍ നയിം ക്വാസിമിന്റെ മുന്നറിയിപ്പ്. ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തുന്ന സൈന്യത്തിനു കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് യുദ്ധം മാറുമെന്നും ഇസ്രായേലിന്റെയും അമേരിക്കയുടെയും പദ്ധതികള്‍ക്കു ചെവികൊടുക്കരുതെന്നും നയിം തന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.
Congratulations to Lebanese President Aoun @lbpresidency, Prime Minister @nawafsalam, and the Council of Ministers for making the historic, bold, and correct decision this week to begin fully implementing the November 2024 Cessation of Hostilities agreement, UN Security Council…
— Ambassador Tom Barrack (@USAMBTurkiye) August 7, 2025
ഇസ്രയേലുമായി ദീര്‍ഘകാലത്തെ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും ഹിസ്ബുള്ളയെ നിരായുധീകരിക്കണമെന്നുമുള്ള അമേരിക്കന്‍ നിര്‍ദേശത്തിന്റെ പകര്‍പ്പ് നല്‍കയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദേ്യാഗിക അംഗീകാരം നല്‍കിയത്. ‘സര്‍ക്കാര്‍ ഇതര സായുധ സംഘടനയായ ഹിസ്ബുള്ളയെ ഘട്ടംഘട്ടമായി നിരായുധീകരിക്കു’മെന്നാണു സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു വാര്‍ത്താവിനിമയ മന്ത്രിയായ പോള്‍ മോര്‍ക്കോസ് പറഞ്ഞത്.
സര്‍ക്കാര്‍ പ്രതികരണം പുറത്തുവന്നതിനു പിന്നാലെ യുഎസ് അംബാസഡര്‍ ടോം ബരാക്ക് എക്‌സില്‍ ലെബനനെ അഭിനന്ദിച്ചുകൊണ്ടു രംഗത്തും വന്നു. ‘ചരിത്രപരവും സുദൃഢവുമായ തീരുമാനമെടുത്തതില്‍ ലെബനന്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും അഭിനന്ദിക്കുന്നു’ എന്നായിരുന്നു പോസ്റ്റിന്റെ ചുരുക്കം.
കഴിഞ്ഞവര്‍ഷം ഇസ്രയേല്‍ സൈന്യം സൂഷ്മമായി നടപ്പാക്കിയ ‘പേജര്‍’ സ്‌ഫോടനത്തിനു പിന്നാലെ ചിതറിപ്പോയ ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ അന്നുമുതല്‍ തുടങ്ങിയതാണ്. ദീര്‍ഘകാലമായി നടന്ന ചര്‍ച്ചയ്ക്കു തീ പകര്‍ന്നത് ട്രംപിന്റെ സന്ദേശവുമായി ടോം ബരാക്ക് ലെബനനില്‍ എത്തിയതോടെയാണ്. ആയുധം കൈയില്‍ വയ്ക്കുന്നതിനു ലെബനന്‍ സര്‍ക്കാരിനും സൈന്യത്തിനും മാത്രമാണ് അധികാരമെന്ന് ലെബനീസ് പ്രസിഡന്റും ഇതിനുശേഷം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.

ഠ ഹിസ്ബുള്ളയെ ഒതുക്കാന്‍
ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നാലെ കാര്യമായ അംഗഭംഗം സംഭവിച്ചെങ്കിലും നാലു പതിറ്റാണ്ടായി ഷിയ വിഭാഗത്തെ അണിനിരത്തി പോരു നയിച്ചിരുന്ന ഇറാന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയെ ഒതുക്കുക അത്രയെളുപ്പമല്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ അനലിസ്റ്റായ മോറന്‍ ലെവാനോണി പറയുന്നു. ഹിസ്ബുള്ള ആയുധങ്ങള്‍ കൈമാറാന്‍ ഉദ്ദേശിക്കുന്നില്ല എങ്കില്‍ അതത്രയെുളുപ്പം സര്‍ക്കാരിന്റെ പക്കല്‍ എത്താന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറയുന്നു. ഹിസ്ബുള്ള ചരിത്രത്തിലെ അതിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. പക്ഷേ, ഹിസ്ബുള്ളകൂടി സഹകരിക്കാതെ നിരായുധീകരണം എളുപ്പവുമല്ല. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനും സാധ്യതയുണ്ട്. ഇറാന്റെ പിന്തുണകൂടി ലഭിച്ചാല്‍ ഹിസ്ബുള്ളയും വെടിയുതിര്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 22 മാസങ്ങളായി ഹിസ്ബുള്ള കടുത്ത പ്രതിരോധത്തിലാണ്. 2023 ഒക്‌ടോബര്‍ എട്ടിന് ഇസ്രയേലിനെതിരേ വെടിയുതിര്‍ത്തെങ്കിലും മറുപടിയായി ഏറെ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ തിരിച്ചടി നല്‍കി. ഹിസ്ബുള്ളയുടെ ആയിരക്കണക്കിനു സൈനികര്‍ക്കാണ് വോക്കി-ടോക്കി സ്‌ഫോടനത്തിലൂടെ ഗുരുതരമായി പരിക്കേറ്റത്. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. പലര്‍ക്കും അംഗഭംഗമം സംഭവിച്ചു. ഇതോടൊപ്പം വ്യോമാക്രമണവും ഇസ്രയേല്‍ കടുപ്പിച്ചിരുന്നു. നിയന്ത്രിതമായി കരസേനയും അതിര്‍ത്തി കടന്ന് ആക്രമിച്ചു. ഹിസ്ബുള്ളയുടെ ഏറ്റവും കരുത്തനായ നേതാവ് ഹസന്‍ നസ്രല്ലയെ വധിച്ചതാണ് ഏറ്റവും വലിയ നേട്ടം. ഇവരുടെ ആയുധ ശേഖരവും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
ഒടുവില്‍ കഴിഞ്ഞ നവംബറില്‍ ഇസ്രയേലുമായി വെടിനിര്‍ത്തലിനും സമ്മതിച്ചു. പക്ഷേ, അതിനുശേഷവും ഐഡിഎഫ് ഹിസ്ബുള്ളയ്‌ക്കെതിരേ പ്രതിദിനമെന്നോണം ആക്രമണം നടത്തുന്നുണ്ട്. ലിതാനി നദിക്കരയിലേക്ക് ഹിസ്ബുള്ള തീവ്രവാദികളെ തുരത്തി. കഴിഞ്ഞ ജൂലൈയിലാണ് ഹിസ്ബുള്ളയെ നിരായുധീകരിക്കണമെന്ന ആവശ്യം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) ആദ്യമായി ഉന്നയിച്ചത്. ഇസ്രയേലിനൊപ്പം ലെബനന്‍ സൈന്യവും ഹിസ്ബുള്ളയ്‌ക്കെതിരേ നീങ്ങിയിരുന്നു. പ്രധാനമന്ത്രി നവാഫ് സലാമിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയെ 80 ശതമാനം നിരായുധീകരിച്ചു എന്നാണ്.
പക്ഷേ, ലെബനീസ് സൈന്യത്തിന്റെ കരുത്തില്‍ ഇപ്പോഴും ലെവാനോനി സംശയിക്കുന്നു. കഴിഞ്ഞ യുദ്ധത്തില്‍ ഖത്തറില്‍നിന്നുള്ള സഹായംകൊണ്ടാണ് ലെബനീസ് സെന്യത്തിനു ഭക്ഷണമെത്തിച്ചത്. ഇനിയും 45,000 സൈനികരെക്കൂടി മിഷന് ആവശ്യമാണെന്നാണു പറയുന്നത്. ഇവര്‍ക്കുള്ള ശമ്പളവും മറ്റൊരു പ്രതിസന്ധിയാണ്.

ഠ പണമില്ലാതെ ഒന്നും നടക്കില്ല
ഫോബ്‌സിന്റെ കണക്കനുസരിച്ച് 2022ല്‍ ലോകത്തെ മൂന്നാമത്തെ സമ്പന്നമായ തീവ്രവാദി സംഘടനയാണ് ഹിസ്ബുള്ള. വാര്‍ഷിക വരുമാനം 1.2 ബില്യണ്‍ ഡോളര്‍. ഇതില്‍ 800 ദശലക്ഷം ഡോളറും ഇറാന്‍ നല്‍കിയതാണ്. എന്നാല്‍, ഇസ്രായേലുമായുള്ള യുദ്ധത്തില്‍ കനത്ത തിരിച്ചടി നേരിട്ട ഇറാന് തുടര്‍ന്ന് ഈ തുക നല്‍കാന്‍ കഴിഞ്ഞേക്കില്ല. പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍. യുദ്ധത്തില്‍ മുന്‍നിര സൈനികരെയും ശാസ്ത്രജ്ഞരെയും നഷ്ടപ്പെട്ട ഇറാനില്‍ വൈദ്യുതി പ്രതിസന്ധിയും വരള്‍ച്ചയും രൂക്ഷമാണ്.
നിലവില്‍ ഹിസ്ബുള്ളയ്ക്കുവേണ്ടി കൊല്ലപ്പെട്ടവര്‍ക്കുള്ള കുടുംബങ്ങള്‍ക്കു നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങിയെന്നാണ് ഒരു അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ലെബനനില്‍ യുദ്ധത്തില്‍ നഷ്ടമുണ്ടായവര്‍ക്കുള്ള നഷ്ടപരിഹാരവും മുടങ്ങി. നിലവില്‍ ഷിയ സമൂഹത്തിന് ഹിസ്ബുള്ളയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. കുടുംബങ്ങളില്‍ പലവും ചിതറിപ്പോയി. പലരും മറ്റു പലയിടങ്ങിലുമുള്ള ബന്ധുവീടുകളിലാണ്. ഇവര്‍ മടങ്ങിയെത്താനും ആഗ്രഹിക്കുന്നില്ല. സമാനമായ രീതിയില്‍ ലെബനീസ് സര്‍ക്കാരിനും പണത്തിന്റെ ലഭ്യതക്കുറവുണ്ട് എന്നതു മറ്റൊരുകാര്യം.
ഠ പദ്ധതികള്‍ ഇങ്ങനെ
ഈ മാസം ഒടുവില്‍തന്നെ ലെബനീസ് സൈന്യം പദ്ധതി സമര്‍പ്പിക്കുമെന്നാണു കരുതുന്നത്. ഈ വര്‍ഷംതന്നെ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതാണു ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ ഹിസ്ബുള്ളയുമായി ചര്‍ച്ച നടത്തുമെന്നാണ് ലെബനീസ് രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. സൈന്യത്തെ ഏകപക്ഷീയമായി ഉപയോഗിക്കുന്നത് 1975ല്‍ ഉണ്ടായതുപോലുള്ള ആഭ്യന്തര യുദ്ധത്തിനു വഴിവയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഹിസ്ബുള്ളയെ സൈന്യത്തിന്റെ ഭാഗമാക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. ഇതില്‍ വലിയ അപകടവും പതിയിരിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്ക് ഇറാന്‍ അനുകൂല നിലപാടിലേക്കു മാറാമെന്ന അപകടമുണ്ട്. ഏറ്റവും മികച്ച മാര്‍ഗമായി ചൂണ്ടിക്കാട്ടുന്നത് ഹിസ്ബുള്ളയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റുകയും ഭരണത്തില്‍ പങ്കാളികളാക്കുകയുമാണ്. ഇതായിരിക്കും ഏറ്റവും മികച്ചതെന്നു താന്‍ കരുതുന്നതെന്നു ലെവാനോനി ചൂണ്ടിക്കാട്ടുന്നു.
with-barely-a-leg-to-stand-on-hezbollah-may-still-not-give-up-its-arms-without-a-fight. While the terror group is at its weakest point in decades, it’s still strong enough to stand up to the army tasked with confiscating its weaponry. Here’s what might happen next






