Breaking NewsLead NewsNEWSWorld

ട്രംപ്-പുടിന്‍ സമാധാന ചര്‍ച്ച അവസാനിച്ചു: ചര്‍ച്ചയില്‍ പുരോഗതി, അന്തിമ കരാറിലെത്തിയില്ലെന്ന് ട്രംപ്; ഉക്രെയ്ന്‍ സഹോദര രാജ്യമെന്ന് പുടിന്‍

അലാസ്‌ക: ട്രംപ്-പുടിന്‍ ചര്‍ച്ച അവസാനിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാന കാര്യങ്ങളില്‍ പുരോഗതി കൈവരിച്ചതായി പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ആ കാര്യങ്ങള്‍ എന്താണെന്നോ ഉക്രെയ്‌നില്‍ സമാധാനം കൈവരിക്കുന്നതിന് അവശേഷിക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ എന്താണെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.

‘ഞങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞില്ല, പക്ഷേ ഞങ്ങള്‍ക്ക് ഇനിയും നല്ലൊരു അവസരമുണ്ട്.’ വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ അന്തിമ കരാറൊന്നുമായില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. പ്രസിഡന്റ് ചോദ്യങ്ങള്‍ ചോദിക്കുകയോ മറ്റ് വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്തില്ല. വെള്ളിയാഴ്ച അലാസ്‌കയില്‍ നടന്ന ഉച്ചകോടിക്ക് ശേഷം യൂറോപ്യന്‍ നേതാക്കളുമായും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും സംസാരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Signature-ad

പുരോഗതിയെക്കുറിച്ച് രണ്ട് നേതാക്കളും സംസാരിച്ചതുമില്ല, അത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ആരും വ്യക്തമായ ഒരു വിശദീകരണം നല്‍കിയതുമില്ല. വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു, നിരവധി കാര്യങ്ങളില്‍ ധാരണയായി. ഇനി വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ട്രംപ് വ്യക്തമാക്കി. ചിലത് അത്ര പ്രധാനമല്ല. ഒന്ന് ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നിങ്ങനെയായിരുന്നു പ്രതികരണം.

ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടന്‍ സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഉക്രെയ്ന്‍ സഹോദര രാജ്യമാണ്. എന്നാല്‍ റഷ്യയ്ക്ക് പല ആശങ്കകളുണ്ട്. വൊളോഡിമിര്‍ സെലെന്‍സ്‌കി സര്‍ക്കാരാണ് അതിലൊന്നെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത ചര്‍ച്ച മോസ്‌കോയിലാകാമെന്നും പുടിന്‍ ട്രംപിനോട് പറഞ്ഞു.

Back to top button
error: