ബിജെപി ബന്ധം: അവസാന നിമിഷം സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായ ആക്ടിവിസ്റ്റ് ഗ്രൂപ്പ്; ജാനു ആദിവാസി വേട്ടയ്‌ക്കോ ഇസ്ലാമോ ഫോബിയയ്‌ക്കോ എതിരേ സംസാരിച്ചതായി അറിവില്ലെന്ന് ‘ഹൗസ് ഓഫ് അനീറ്റ’

ലണ്ടന്‍: ബിജെപിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ആദിവാസി നേതാവ് സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന. ഭൂമിയുടെ ഉടമസ്ഥാവകാശം സാമൂഹിക നീതി എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അനീറ്റയാണ് ജാനുവിനുള്ള ക്ഷണം പിന്‍വലിച്ചതായി അറിയിച്ചത്. ചില ആക്ടിവിസ്റ്റുകള്‍ ജാനുവിനു ബിജെപിയുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയതോടെയാണു നടപടിയെന്നാണു വിവരം.
ആദിവാസി ഗോത്രമഹാ സഭ നേതാവായ സി.കെ. ജാനു, നിരവധി ഭൂമി സംബന്ധമായ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ വ്യക്തിയാണ്. 2003 ലെ മുത്തങ്ങ സമരം പോലീസിന്റെ നരനായാട്ടിലാണ് അവസാനിച്ചത്.
ഈസ്റ്റ് ലണ്ടനില്‍ ഓഗസ്റ്റ് 14ന് നടക്കേണ്ടിയിരുന്ന ചടങ്ങില്‍ പ്രസംഗിക്കാനായിരുന്നു ക്ഷണമെങ്കിലും അംഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണു ക്ഷണം പിന്‍വലിച്ചതെന്നു ഹൗസ് ഓഫ് അനീറ്റ സംഘടനയുടെ ഡയറക്ടര്‍ ഫ്രാന്‍ എഡ്‌ഗേര്‍ലി പറഞ്ഞു. മനുഷ്യരുടെ ഭൂമി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സംഘടനയെന്ന നിലയിലാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ജാനുവിനെ ക്ഷണിച്ചതെന്നും ബംഗാളി മുസ്ലിംകള്‍ അടക്കമുള്ള നിരവധിപ്പേര്‍ സംഘടനയുടെ ഭാഗമാണെന്നും ഇസ്ലാമോഫോബിയയ്‌ക്കെതിരായ നിലപാടെടുക്കുന്ന സംഘടനകൂടിയായതിനാലാണ് ക്ഷണം പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡ്, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഓപ്പറേഷന്‍ കാഗറിന്റെ പേരില്‍ ആദിവാസികളെ കൊന്നൊടുക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചുസംഘടനയ്ക്കു ബോധ്യമുണ്ട്. ജാനുവിന്റെ നിലപാടുകളെക്കുറിച്ചു നിരവധി പരാതികള്‍ ലഭിച്ചശേഷമാണ് കൂടുതല്‍ പരിശോധിച്ചത്. ബിജെപി മുസ്ലിംകള്‍ക്കോ, ആദിവാസികള്‍ക്കോ നേരെ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരേ ജാനു എന്തെങ്കിലും പ്രതികരിച്ചതായി കണ്ടെത്തിയില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച ജാനു, 2016ല്‍ ആണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ചേര്‍ന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് നിയമസഭയിലേക്കു മത്സരിക്കുകയും ചെയ്തു. 2018ല്‍ മുന്നണിവിട്ട ജെആര്‍പി 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും മുന്നണിയില്‍ ചേര്‍ന്നു.
ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ക്ഷണം റദ്ദാക്കിയതില്‍ ദുഖമുണ്ടെന്നും ജാനു പറഞ്ഞു. ഇപ്പോഴെനിക്കു ബിജെപിയുമായി ബന്ധമില്ല. അവരുടെ മീറ്റിംഗുകളില്‍ പങ്കെടുക്കാറുമില്ല. എന്‍ഡിഎ മുന്നണിയുടെ ഭാഗമാണ് എന്നതുമാത്രമാണ് ആകെ ബന്ധമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി ജാനു യുകെയിലുണ്ട്. ഓഗസ്റ്റ് 20ന് അവര്‍ കേരളത്തില്‍ മടങ്ങിയെത്തും. uk-activist-group-deplatforms-kerala-tribal-leader-ck-janu-over-links-to-bjp






