ഗാന്ധിജിക്കു മുകളില്‍ സവര്‍ക്കര്‍; സുരേഷ് ഗോപിയുടെ കീഴിലുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരടങ്ങുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇതിലാണ് സവര്‍ക്കറുടെ ചിത്രം ഗാന്ധിജിക്കും മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. പോസ്റ്ററിനെതിരെ വിമര്‍ശനം ശക്തമാണ്. മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാന്‍ ആര്.എസ്.എസ് ശ്രമിക്കുന്നു എന്നാണ് സി.പി.എം വിമര്‍ശനം. ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ഇന്ത്യയെ ആകെ തലതിരിച്ചിടുകയാണ് ആര്.എസ്.എസ് എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി വിമര്‍ശിച്ചു.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്.എസ്.എസിനെ പ്രശംസിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. 100 വര്‍ഷം മുന്‍പ് രൂപംകൊണ്ട ആര്.എസ്.എസ് ലോകത്തെ ഏറ്റവും വലിയ എന്‍.ജി.ഒ. ആണെന്നും ഒരു നൂറ്റാണ്ടായി നമ്മളെ പ്രചോദിപ്പിക്കുന്നു എന്നുമാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്. രാജ്യത്ത് ഒട്ടേറെ ഭാഷകളുണ്ടെന്നും എല്ലാ ഭാഷകളിലും അഭിമാനിക്കണമെന്നും പറഞ്ഞ മോദി വൈവിധ്യമാണ് രാജ്യത്തിന്റെ കരുത്തും അഭിമാനവുമെന്നും പറഞ്ഞു. മോദിയുടെ ആര്.എസ്.എസ് പരാമര്‍ശത്തെ സി.പി.എം വിമര്‍ശിച്ചു. പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും നിരോധിക്കപ്പെട്ട വിഭാഗീയ സംഘടനയെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് സി.പി.എം വിമര്‍ശനം.
ശത്രുക്കളെ ഇല്ലാതാക്കാന്‍ മിഷന് സുദര്ശന് ചക്ര എന്ന പേരില്‍ പുതിയ പദ്ധതിയും പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. സ്വയരക്ഷയ്ക്കും തിരിച്ചടിക്കുമുള്ള ആയുധ സംവിധാനമാണ് മിഷന് സുദര്ശന് ചക്രയിലൂടെ ലക്ഷ്യമിടുന്നത്. പൂര്‍ണമായും രാജ്യത്ത് നിര്‍മിക്കുന്ന ആയുധ സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പരിശ്രമിക്കുന്നവര്‍ ചരിത്രമെഴുതുമെന്നും 2047 ല്‍ വികസിത ഭാരതം യാഥാര്‍ഥ്യമാക്കുമെന്നും പ്രവര്‍ത്തിക്കാന്‍ ഇതാണ് ശരിയായ സമയമെന്നും മോദി പറഞ്ഞു.
ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്കാരം ഉറപ്പുനല്‍കി പ്രധാനമന്ത്രി. ദീപാവലിക്ക് അടുത്ത തലമുറ ജി.എസ്.ടി പരിഷ്കാരം നടപ്പിലാക്കുമെന്നും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമാകുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന എന്ന് പേരില്‍ യുവാക്കള്‍ക്കായി ഒരുലക്ഷംകോടിയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയില്‍ ആദ്യം തൊഴില്‍ലഭിക്കുന്നവര്‍ക്ക് 15,000രൂപ നല്‍കുന്നതാണ് പദ്ധതി. 3.5കോടി യുവാക്കള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി ഇന്നു മുതല്‍ പ്രാബല്യത്തിലായി. ബജറ്റില്‍ ആദായ നികുതി കുറച്ചതിനെ പറ്റി മോദി എടുത്തുപറഞ്ഞു. സ്വപ്നം കാണാത്ത ഇളവ് സാധാരണക്കാര്‍ക്ക് ആശ്വാസമായെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. സമൃദ്ധ ഭാരത് എന്നതായിരിക്കണം മുദ്രാവാക്യമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആര്.എസ്.എസ് പ്രശംസക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസ്താവന ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരെന്നും ആര്.എസ്.എസിനെ പ്രീണിപ്പിക്കാനുള്ള ശ്രമമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. സ്വന്തം നേട്ടത്തിന് സ്വാതന്ത്ര്യദിനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നും പ്രധാനമന്ത്രി ക്ഷീണിതനാണെന്നും ഉടന്‍ വിരമിക്കുമെന്നും ജയറാം രമേശ് പറഞ്ഞു
ndependence-day-savarkar-poster-controversy






