മമ്മൂട്ടി-ശോഭനമാര്ക്കും മഞ്ജുവിനുമൊപ്പം നിറഞ്ഞു നിറഞ്ഞാടിയ മറ്റൊരു സൂപ്പര്‍ താരം; അറിയാമോ ‘സക്കാറം സ്പോണ്ടേനിയ’ത്തെക്കുറിച്ച്?

സിനിമയെ സംബന്ധിച്ചിടത്തോളം ഗാനരംഗങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഒരു പാട്ട് സീന്‍ ചിത്രീകരിക്കാനായി കോടികള്‍ പോലും മുടക്കുന്നവരാണ് ഇവിടുത്തെ നിര്‍മാതാക്കള്‍. അതോടൊപ്പം ഗാനരംഗങ്ങളിലെ ഒരു സീന്‍ പോലും വിടാതെ ഓര്‍ത്തിരിക്കുന്ന പ്രേക്ഷകരുമുണ്ടാകും. അത്തരക്കാര്‍ ഒരു പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാകും ഈ സൂപ്പര്‍സ്റ്റാറിനെ. പ്രത്യേകിച്ചും 80 -90 കാലഘട്ടത്തില്‍ ഇറങ്ങിയ മലയാള സിനിമകളില്‍ ഈ താരമുണ്ട്. സക്കാറം സ്പോണ്ടേനിയം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കാട്ടുകരിമ്പ് എന്ന പുല്ല്.
ഗാനരംഗങ്ങളില്‍ താരങ്ങള്‍ക്കൊപ്പം, ഒരുപക്ഷേ അവരെക്കാള്‍ തലയെടുപ്പോടെ, കാറ്റിലാടി നില്ക്കുന്ന ആ പുല്‍ച്ചെടി, അത് വെറുമൊരു പുല്ലല്ലെന്നും ഒരു രാജ്യത്തിന്റെയാകെ മധുരം കാത്ത, യഥാര്‍ഥ സ്റ്റാര്‍ ആ സസ്യമാണെന്നും അധ്യാപകനും ശാസ്ത്ര ലേഖകനുമായ സുരേഷ് കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സൂപ്പര്‍സ്റ്റാര്‍ സസ്യങ്ങള്‍: കാട്ടുകരിമ്പ് (സക്കാറം സ്പോണ്ടേനിയം)
ഹോളിവുഡിലെ പ്രശസ്തമായ ‘ദി ബിഗ് ബാംഗ് തിയറി’ എന്ന സിറ്റ്കോം സീരീസ് കണ്ടിട്ടുള്ളവര്‍ക്ക് അറിയാം… അതില്‍ ഷെല്‍ഡനും കൂട്ടുകാരും മാത്രമല്ല താരങ്ങള്‍. സ്റ്റീഫന്‍ ഹോക്കിംഗ്, നീല്‍ ഡിഗ്രാസ് ടൈസണ്‍, ബില്‍ നൈ, ബഹിരാകാശ സഞ്ചാരിയായ ബസ്സ് ആല്ഡ്രിന് തുടങ്ങിയ ശാസ്ത്രലോകത്തെ ഇതിഹാസങ്ങള്‍ തന്നെ അതിഥികളായി (Cameo) സ്ക്രീനിലെത്തിയിട്ടുണ്ട്.
യഥാര്‍ഥ ജീവിതത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വെള്ളിത്തിരയില്‍ ഒരു നിമിഷം മിന്നിമറയുന്നത് പ്രേക്ഷകര്‍ക്ക് എന്നും ആവേശമാണ്. എന്നാല്‍ ചിലപ്പോള്‍, ഒരു യഥാര്‍ത്ഥ ശാസ്ത്രീയ സൂപ്പര്‍സ്റ്റാര്‍ ആരുമറിയാതെ നമ്മുടെ സിനിമകളില്‍ അഭിനയിച്ചുപോകാറുണ്ട്. സസ്യ ശാസ്ത്ര ലോകത്തെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇങ്ങനെ അധികം ശ്രദ്ധിക്കപെടാതെ ചില മലയാള സിനിമകളില്‍ പൂ മുഖം കാണിച്ചിട്ടുണ്ട്.
1996-ല്‍ സല്ലാപത്തിലെ ‘പഞ്ചവര്‍ണ്ണ പൈങ്കിളി പെണ്ണേ…’ എന്ന ഗാനരംഗത്ത് മഞ്ജു വാര്യര്‍ക്കൊപ്പം, ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കയ്യില്‍ പിടിച്ച് ആ സ്റ്റാര്‍ ആടി ഉലഞ്ഞു. അതിനും ഒരു വര്‍ഷം മുന്‍പ്, മഴയെത്തും മുന്‍പേ യിലെ ‘എന്തിനു വേറൊരു സൂര്യോദയം’ എന്ന ഗാനത്തില്‍, ചില ഷോട്ടുകളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും ശോഭനക്കും ഒപ്പം ആ താരം സ്ക്രീനില്‍ നിറഞ്ഞുനിന്നു. അതെ, ആരും ശ്രദ്ധിക്കാതെ പോയ ആ അതിഥി താരം, ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ നായക/നായിക നക്ഷത്രം ആയിരുന്നു. സക്കാറം സ്പോണ്ടേനിയം (Saccharum spontaneum) അഥവാ നമ്മുടെ കാട്ടുകരിമ്പ് എന്ന പുല്ല്…
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ കരിമ്പുപാടങ്ങള്‍ കണ്ണീര്‍പ്പാടങ്ങളായിരുന്നു. നമ്മുടെ കര്‍ഷകര്‍ വിളയിച്ചിരുന്ന തദ്ദേശീയ കരിമ്പിനങ്ങള്‍ക്ക് (Saccharum barberi) മധുരം കുറവായിരുന്നു, ഉത്പാദനക്ഷമത ഹെക്ടറിന് വെറും 10 ടണ്ണില്‍ താഴെയും. തല്‍ഫലമായി, മധുരമേറിയ ‘പ്രഭുക്കന്മാരായ’ കരിമ്പിനങ്ങള്‍ (Saccharum officinarum) കൃഷി ചെയ്തിരുന്ന ജാവ പോലുള്ള ദൂരദേശങ്ങളില്‍ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യേണ്ട ഗതികേടിലായിരുന്നു ഇന്ത്യ.
ഈ ഇനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണിലെ രോഗങ്ങളെ അതിജീവിക്കാന്‍ കരുത്തില്ലായിരുന്നു. ഇതില്‍ ഏറ്റവും വിനാശകാരിയായ ‘ചുവന്ന അഴുകല്‍’ (Red Rot) രോഗം ലക്ഷക്കണക്കിന് കര്‍ഷകരുടെ സ്വപ്നങ്ങളെ ചുവപ്പിച്ചു കൊന്നു. വിളവ് തുച്ഛം, രാജ്യം പഞ്ചസാരയ്ക്കായി വിദേശത്തെ ആശ്രയിക്കുന്നു. ഈ കയ്പേറിയ യാഥാര്‍ത്ഥ്യമാണ് ഒരു വലിയ ശാസ്ത്രീയ മുന്നേറ്റത്തിന് കളമൊരുക്കിയത്.
ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനായി 1912-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കോയമ്പത്തൂരില്‍ കരിമ്പ് പ്രജനന കേന്ദ്രം (Sugarcane Breeding Institute) സ്ഥാപിച്ചു. അതിന്റെ അമരക്കാരായിരുന്നത് ഡോ. ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബര്‍ എന്ന സസ്യശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ സഹായിയായ ടി.എസ്. വെങ്കടരാമനുമായിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പാതയോരങ്ങളില്‍ വളര്‍ന്നിരുന്ന, രോഗങ്ങളെ അതിജീവിക്കാന്‍ കരുത്തുള്ള കാട്ടുപുല്ലായ നമ്മുടെ താരം Saccharum spontaneum ത്തെ, മധുരമുള്ള S. officinarum മായി സങ്കലനം നടത്തുക എന്ന വിപ്ലവകരമായ ആശയം നടപ്പിലാക്കിയത് ഈ കൂട്ടുകെട്ടാണ്. ‘നോബിലൈസേഷന്’ എന്ന് വിളിക്കപ്പെട്ട ഈ പ്രക്രിയയുടെ ആദ്യവിജയമായ Co 205 എന്ന സങ്കരയിനം 1918-ല്‍ പുറത്തിറങ്ങി. ഇത് പഞ്ചാബിലെ കരിമ്പ് കര്‍ഷകര്‍ക്ക് 50% അധിക വിളവ് നല്കി. ഇന്ത്യയുടെ പഞ്ചസാര വിപ്ലവത്തിന് തിരികൊളുത്തിയ യഥാര്‍ത്ഥ ചരിത്രനിമിഷമായിരുന്നു അത്.
ഈ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിലാണ് തലശ്ശേരിയില്‍ നിന്നുള്ള എടവലത്ത് കക്കാട്ട് ജാനകി അമ്മാള്‍ എന്ന സസ്യശാസ്ത്രജ്ഞയുടെ വരവ്. 1934-ല്‍ കോയമ്പത്തൂരിലെ കരിമ്പ് പ്രജനന കേന്ദ്രത്തില്‍ കോശജനിതകശാസ്ത്രജ്ഞയായി (Cytogeneticist) എത്തുമ്പോള്‍, അവര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൗത്യമാണുണ്ടായിരുന്നത്. ബാര്‍ബറും വെങ്കടരാമനും പ്രായോഗികമായി വിജയിപ്പിച്ച സങ്കലനത്തിന്റെ ശാസ്ത്രീയ രഹസ്യങ്ങള്‍ അനാവരണം ചെയ്യുക എന്നതായിരുന്നു അത്.
കരിമ്പിന്റെ സങ്കീര്‍ണ്ണമായ ക്രോമസോം ഘടനയെക്കുറിച്ച് ആഴത്തില്‍ പഠിച്ച അവര്‍, ഈ സങ്കരയിനങ്ങള്‍ എന്തുകൊണ്ട് വിജയിച്ചു എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു. കരിമ്പിനെ ചോളം, മുള എന്നിവയുമായി സങ്കലനം നടത്തുന്ന അസാധ്യമെന്ന് കരുതിയ പരീക്ഷണങ്ങള്‍ക്കും അവര്‍ നേതൃത്വം നല്കി.
എന്നാല്‍ പുരുഷാധിപത്യം കൊടികുത്തിവാണ ശാസ്ത്രലോകത്ത്, ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്നു എന്ന് കൂടെ പറയാതെ വയ്യ. സ്വന്തം കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പോലും പുരുഷ സഹപ്രവര്‍ത്തകര്‍ അവരെ തടഞ്ഞു. കോയമ്പത്തൂരിലെ ‘കപട-ശാസ്ത്രീയ’ അന്തരീക്ഷത്തില്‍ താന്‍ നേരിട്ട ‘ക്രൂരമായ പീഡനങ്ങളെക്കുറിച്ച്’ അവര്‍ പിന്നീട് പ്രശസ്ത ശാസ്ത്രജ്ഞനായ സി.ഡി. ഡാര്ലിംഗ്ടനുള്ള കത്തുകളില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, തളരാതെ മുന്നോട്ട് പോയ ആ ധീരവനിത, ഇന്ത്യന്‍ ശാസ്ത്രത്തിന് നല്‍കിയത് വിലമതിക്കാനാവാത്ത സംഭാവനകളാണ്.
ഈ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പിറന്ന ‘കോ-കെയ്ന്‍സ്’ (Co-canes) എന്ന പുതിയ കരിമ്പിനങ്ങള്‍ ഇന്ത്യയിലുടനീളം ഒരു തരംഗം സൃഷ്ടിച്ചു. അവയ്ക്ക് ഉയര്‍ന്ന വിളവ് നല്‍കാനും രോഗങ്ങളെ ചെറുക്കാനും ഇന്ത്യന്‍ കാലാവസ്ഥയില്‍ തഴച്ചുവളരാനും കഴിഞ്ഞു. 1930-ല്‍ ഹെക്ടറിന് 30.9 ടണ്‍ മാത്രമായിരുന്ന കരിമ്പ് ഉത്പാദനം, ഈ പുതിയ ഇനങ്ങളുടെ വരവോടെ കുതിച്ചുയര്‍ന്നു. പഞ്ചസാര ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരില്‍ ഒന്നായി മാറി.
ബാര്‍ബര്‍, വെങ്കടരാമന്, ജാനകി അമ്മാള്‍ തുടങ്ങിയ ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നു, ഇന്ത്യന്‍ കാര്‍ഷികരംഗത്ത് കരിമ്പിന്റെ എക്കാലത്തെയും വലിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് സമ്മാനിച്ചത്. സല്ലാപമോ മഴയെത്തും മുന്‍പേയോ കാണുമ്പോള്‍, ആ ഗാനരംഗങ്ങളില്‍ താരങ്ങള്‍ക്കൊപ്പം, ഒരുപക്ഷേ അവരെക്കാള്‍ തലയെടുപ്പോടെ, കാറ്റിലാടി നില്ക്കുന്ന ആ പുല്‍ച്ചെടി, അത് വെറുമൊരു പുല്ലല്ല. ഒരു രാജ്യത്തിന്റെയാകെ മധുരം കാത്ത, യഥാര്‍ത്ഥ സ്റ്റാര്‍ ആ സസ്യമാണ്.






