വോട്ടു കൊള്ളയില്‍ പ്രതിഷേധം കനക്കുന്നു; സുരേഷ് ഗോപി ഇന്നു തൃശൂരില്‍; സ്ഥിര താമസക്കാര്‍ക്ക് വോട്ടെന്ന ചട്ടം സുരേഷ് ഗോപി ലംഘിച്ചെന്നും തെളിവുകള്‍

തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയം കലുഷിതമാകുന്നു. തൃശൂരില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണം ഉയര്‍ത്തി സിപിഎമ്മും കോണ്‍ഗ്രസും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടു ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇന്ന് കത്തയയ്ക്കൽ സമരം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം, പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും രംഗത്തുണ്ട്.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിൽ ബോർഡിൽ കരിയോയിൽ ഒഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ഇരുപക്ഷത്തെയും അഞ്ചുപേര്‍ക്ക് വീതം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതിഷേധം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി രാവിലെ ഒന്‍പതരയോടെ തൃശൂരില്‍ എത്തും. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ പ്രതികരണത്തിനായി കാത്തുനിന്നെങ്കിലും പ്രതികരിക്കാന്‍ സുരേഷ്ഗോപി തയാറായില്ല. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമിച്ച ശേഷം പുലര്‍ച്ചെ തൃശൂരിലേക്ക് തിരിച്ചു.
സുരേഷ് ഗോപിക്ക് പുറമെ അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പടെ ആറ് കുടുംബാംഗങ്ങള്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഏറ്റവും പുതിയ വോട്ടര്‍ പട്ടികയില്‍ തിരുവനന്തപുരത്താണ് ഇക്കുറി വോട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിന് പുറമെ കൊല്ലത്തും വോട്ടുള്ള സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും സുരേഷ് ഗോപി, ഭാര്യ രാധിക സുരേഷ്, ബന്ധുക്കളായ ഇന്ദിരാ രാജശേഖരന്‍, സുഭാഷ് ഗോപി,റാണി സുഭാഷ്, സുനില്‍ ഗോപി, കാര്‍ത്തിക സുനില്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ വോട്ടുള്ളത്.
ഇവരെല്ലാം ശാസ്തമംഗലത്തെ സ്ഥിരതാമസക്കാരും 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ ഇവിടെ വോട്ട് ചെയ്തതുമാണ്. സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചതോടെയാണ് അവിടത്തെ വാടക മേല്‍വിലാസത്തിലേക്ക് വോട്ടുമാറ്റിയത്. സ്ഥിരതാമസക്കാര്‍ക്കാണ് വോട്ടെന്ന ചട്ടംലംഘിച്ചുവെന്നതിന്റെ തെളിവാണ് ലോക്‌സഭയില്‍ ഒരിടത്തും തദ്ദേശത്തില്‍ മറ്റൊരിടത്തും വോട്ടുള്ളതെന്നാണ് ആക്ഷേപം ഉയരുന്നത്.






