ഇസ്രയേല്‍ നിയോഗിച്ച കരാറുകാരുടെ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ വെടിവയ്പ്; ഗാസയില്‍ പട്ടിണിമൂലം മരിച്ച കുട്ടികളുടെ എണ്ണം 100 ആയി

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ നിയോഗിച്ച കരാറുകാരുടെ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 26 പേര് അടക്കം ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇന്നലെ 39 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഇതുവരെ കൊല്ലപ്പെട്ട പാലസ്തീന്‍കാരുടെ എണ്ണം 61,430 ആയി. പട്ടിണിമൂലം മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഇതോടെ ആകെ പട്ടിണിമരണം 217.
അതേസമയം ഗാസ സിറ്റി പിടിക്കാനുള്ള ഇസ്രയേല്‍ തീരുമാനം ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതി അടിയന്തമയോഗം ചേര്‍ന്നു. ഗാസ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ടു ശനിയാഴ്ച ടെല്‍ അവീവില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ലണ്ടനില്‍ പാലസ്തീന് ആക്ഷന്‍ എന്ന സംഘടനയെ പിന്തുണച്ചു പ്രകടനം നടത്തിയ 474 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഘടനയെ യുകെ സര്‍ക്കാര്‍ കഴിഞ്ഞമാസമാണ് നിരോധിച്ചത്.
ഹമാസിനെ കീഴടക്കുന്നതുവരെ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിട്ടുള്ളത്. ഹമാസിന്റെ 2 ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാകും. ഗാസ പിടിക്കുകയല്ല, ഗാസയെ സ്വതന്ത്രമാക്കുകയാണു ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.






