Breaking NewsKeralaLead News

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു; കേരളത്തില്‍ ആറ് വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിട്ടത് 14 കസ്റ്റംസ് ഉദ്യോഗസ്ഥരെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ പിരിച്ചുവിടല്‍ കേരളത്തില്‍

കൊച്ചി: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതിന്റ പേരില്‍ കേരള കസ്റ്റംസില്‍ നിന്ന് ആറ് വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 14 കസ്റ്റംസ് ഉദ്യോഗസ്ഥരെ. രാജ്യത്ത് കുറഞ്ഞ കാലയളവില്‍ ഇത്രയധികം കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്തിന്റെ പേരില്‍ പിരിച്ചുവിട്ടത് കേരളത്തില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരാളെക്കൂടി പിരിച്ചുവിടുമെന്നാണ് സൂചന. വിവിധ അഴിമതിക്കേസുകളിലായി 2019-ല്‍ രാജ്യത്താകെ 15 കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. സമീപകാല ചരിത്രത്തില്‍ രാഹുല്‍ പണ്ഡിറ്റ് എന്ന ഉദ്യോഗസ്ഥനാണ് കസ്റ്റംസിന് ഏറ്റവും അധികം തലവേദന സൃഷ്ടിച്ചത്.

Signature-ad

ഡല്‍ഹി പൊലീസിലായിരുന്ന ഇയാള്‍ക്ക് കസ്റ്റംസില്‍ ജോലി കിട്ടിയപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തിലായിരുന്നു നിയമനം. ഇടപെടലുകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ കോഴിക്കോട് പ്രിവന്റീവ് ഡിവിഷനിലേക്ക് മാറ്റി. സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് തന്നെ ഉണ്ടാക്കിയിരുന്നു. പിന്നീട് കണ്ണൂര്‍ വിമാനത്താവളം വന്നതോടെ ഓപ്പറേഷന്‍ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.

ഡി.ആര്‍.ഐ സംഘം 2019 ഓഗസ്റ്റ് 19-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണം പിടിച്ചതോടെ രാഹുല്‍ കുടുങ്ങി. തുടര്‍ന്ന് സസ്‌പെന്‍ഷനും പിരിച്ചുവിടലും നടന്നു. രാഹുല്‍ പണ്ഡിറ്റ് കെണിയില്‍ വീഴ്ത്തിയിരുന്ന ഡല്‍ഹി സ്വദേശിയായ രാഹുല്‍കുമാര്‍ ശര്‍മ, ബിഹാറില്‍ നിന്നുള്ള സാകേന്ദ്ര പാസ്വാന്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൃഷന്‍ കുമാര്‍ എന്നിവരുടെ പേരിലും 2021-ല്‍ നടപടി വന്നു. ഇവരെ പിരിച്ചുവിട്ടതിന് പുറമേ വന്‍തുക പിഴയും ചുമത്തിയിരുന്നു. രാഹുല്‍ പണ്ഡിറ്റിന് ഒരു കോടി രൂപയും സാകേന്ദ്ര പാസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ക്ക് 50 ലക്ഷം രൂപ വീതവും രാഹുല്‍കുമാര്‍ ശര്‍മയ്ക്ക് 25 ലക്ഷവുമാണ് പിഴ ചുമത്തിയത്. പിരിച്ചുവിട്ടശേഷവും രാഹുല്‍ പണ്ഡിറ്റ് സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

ഈ സംഭവത്തിന് പിന്നാലെ 2023 ലാണ് രാജ്യത്തെ വലിയ കൂട്ടപ്പിരിച്ചുവിടല്‍ കേരള കസ്റ്റംസില്‍ നടന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഏപ്രിലില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. 2021 ജനുവരിയില്‍ സിബിഐ-ഡിആര്‍ഐ സംഘം കരിപ്പൂരില്‍ നടത്തിയ റെയ്ഡിലാണ് സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കണ്ടെത്തിയത്.

റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീടുകള്‍ പരിശോധിച്ചതില്‍ അഞ്ചുലക്ഷം രൂപ വേറേയും പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് കസ്റ്റംസ് സൂപ്രണ്ടുമാരായ എസ്. ആശ, ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍കുമാര്‍, നരേഷ് ഗുലിയ, വി. മിനിമോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവരെയാണ് പിരിച്ചുവിട്ടത്.

ഇപ്പോഴാണ് കലൂര്‍ സ്വദേശി കെ.എ അനീഷിനെ പിരിച്ചുവിടുന്നത്. 2023 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന് ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെതിരേയുള്ള അന്വേഷണവും പൂര്‍ത്തിയായിട്ടുണ്ട്. ഇയാളെയും പിരിച്ചുവിടുമെന്നാണ് സൂചന.

Back to top button
error: