‘സുരേഷ് ഗോപി ശാസ്തമംഗലത്തെ വോട്ടര്‍ ആയിരുന്നു ; ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടെന്ന് കെ മുരളീധരന് ; സൂപ്പര്‍താരത്തിന്റെ ഡ്രൈവറുടെ വോട്ടു പോലും തൃശൂരാക്കി

തൃശൂര്‍: എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് സുരേഷ്ഗോപി തൃശൂരില്‍ വിജയിച്ചതെന്നും വിജയത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് നേരത്തേ തന്നെ കോണ്‍ഗ്രസ് ആരോപിച്ചിട്ടുള്ള വിഷയമാണെന്നും കെ. മുരളീധരന്. ശാസ്തമംഗലത്തെ വോട്ടറായ സുരേഷ്ഗോപിയുടെ ഡ്രൈവറുടെ ഉള്‍പ്പെടെ വോട്ടുകളാണ് തൃശൂര്‍ ചേര്‍ത്തതെന്നും പറഞ്ഞു.
വോട്ടര്‍പട്ടിക ക്രമക്കേടില്‍ തൃശ്ശൂരില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കും. സുരേഷ്ഗോപി തിരുവനന്തപുരത്തായിരുന്നെന്നും മണ്ഡലത്തില്‍ സജീവമായിരുന്ന ആളു പോലും അല്ലായിരുന്നെന്നും കെ മുരളീധരന് വിമര്‍ശിച്ചു. സുരേഷ് ഗോപിയുടെ കുടുംബം ഡ്രൈവര്‍ ഉള്‍പ്പെടെ തൃശ്ശൂര്‍ ആണ് വോട്ട് ചേര്‍ത്തത്.
ഒരിടത്തും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നില്ല. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്നായിരുന്നു ട്രെന്‍ഡ്. കൃത്യമായ അന്വേഷണം നടന്നാല്‍ അമ്പതോളം തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം പോകും. അതുകൊണ്ടാണ് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതെന്നും മുരളീധരന് വിമര്‍ശിച്ചു.
ഹാരിസ് ഹസന് വിഷയത്തിലും പ്രതികരിച്ചു. തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നവരെ കള്ളന് ആക്കുന്നു. സൂപ്രണ്ടും പ്രിന്‍സിപ്പലും പത്രസമ്മേളനം നടത്തുമ്പോള്‍ ഒരു ഫോണ്‍കോള്‍ വന്നു. അത് മന്ത്രിയുടെ ഓഫീസില്‍ നിന്നാണോ എന്ന് സംശയമുണ്ട്.
മന്ത്രിയാണോ വിളിച്ചത് എന്ന് ഞാന്‍ സംശയിക്കുന്നു. ഒരു ഡോക്ടറെ കള്ളന് ആക്കാന്‍ നോക്കുന്നു. ഉത്തവാദിത്തം ആരോഗ്യമന്ത്രിക്കാണ്. രാജിവെച്ചാല്‍ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാവുകയുള്ളൂവെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.






