സ്വയം നശിപ്പിക്കുന്നു: ട്രംപിന്റെ തീരുവനയം അസംബന്ധം: വൈകാതെ തകര്‍ന്നുവീഴുമെന്ന് യു.എസ് സാമ്പത്തിക വിദഗ്ധന്‍

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിന് തുനിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വയം നശിപ്പിക്കുകയാണെന്ന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലാ അധ്യാപകനുമായ സ്റ്റീവ് ഹാന്‍കെ. ട്രംപിന്റെ തീരുവനയം തികച്ചും അസംബന്ധവും ഒരു തരത്തിലും നേട്ടമുണ്ടാക്കാത്തതുമാണെന്നും സ്റ്റീവ് ഹാന്‍കെ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ മേലുള്ള തീരുവ 50 ശതമാനമാക്കി ട്രംപ് വര്‍ധിപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഹാന്‍കെയുടെ പ്രതികരണം.
‘നെപ്പോളിയന്റെ ഉപദേശം പിന്തുടരുകയാണ് പ്രധാനമായും വേണ്ടത്. ശത്രു സ്വയം നശിപ്പിക്കാനുള്ള പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അയാളുമായി ഇടപെടാതിരിക്കുകയാണ് നല്ലത് എന്ന് നെപ്പോളിയന്‍ പറഞ്ഞിട്ടുണ്ട്. ട്രംപ് സ്വയം നശിപ്പിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്’, ഹാന്‍കെ പറഞ്ഞു. ‘ഇന്ത്യയുമായുള്ള ഈ ‘കളി’യുടെ കാര്യമെടുത്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തങ്ങളുടെ ‘ചീട്ടു’കള്‍ സൂക്ഷിച്ചുകൊണ്ട് അല്‍പകാലം കാത്തിരിക്കുകയാണ് വേണ്ടത്. ട്രംപിന്റെ ‘ചീട്ടുകൊട്ടാരം’ താമസിയാതെ തകര്‍ന്നുവീഴുമെന്നാണ് ഞാന്‍ കരുതുന്നത്. ട്രംപിന്റെ തീരുവകളുണ്ടാക്കുന്ന പ്രകമ്പനങ്ങളുടെ തീവ്രത നാമമാത്രമാണ്’, ഹാന്‍കെ കൂട്ടിച്ചേര്‍ത്തു.
അമേരിക്കക്കാര്‍ ചെലവഴിക്കുന്നത് മൊത്തം ദേശീയ വരുമാനത്തേത്തേക്കാള്‍ അധികമായതിനാല്‍ യുഎസിന് ഭീമമായ വ്യാപാര കമ്മിയാണുള്ളതെന്നും അതിനാല്‍ത്തന്നെ ട്രംപിന്റെ തീരുവനയം ഉള്‍പ്പെടെയുള്ള സാമ്പത്തികശാസ്ത്രം മൊത്തം അബദ്ധമാണെന്നും എന്‍ഡിടിവിയോട് സംസാരിക്കവെ ഹാന്‍കെ പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തുടരുന്നതിലുള്ള പ്രതിഷേധസൂചകമായാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് മേല്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം തീരുവ 50 ശതമാനമായി ട്രംപ് ഉയര്‍ത്തിയത്. ഇന്ത്യയിലെ ടെക്സ്‌റ്റൈല്‍സ്, മറൈന്‍, ലെതര്‍ തുടങ്ങിയ മേഖലകളെ തീരുവവര്‍ധനവ് ബാധിക്കും. ട്രംപിന്റെ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു. ട്രംപിന്റെ വിരട്ടലില്‍ ഇന്ത്യ ഒരിക്കലും തളരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുകയും ചെയ്തു. ഒട്ടേറെ രാജ്യങ്ങള്‍ ട്രംപിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.






