രാജ്യത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ മതപീഡനത്തില്‍ നൂറിരട്ടി വര്‍ധന; ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോ? ഒഡിഷ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ്

കോഴിക്കോട്: ഒഡിഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മതപീഡനത്തില്‍ നൂറിരട്ടി വര്‍ധനവുണ്ടായെന്നും ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോയെന്നും അദേഹം ചോദിച്ചു.
ക്രൈസ്തവര്‍ ആകുലതയിലാണെന്നും മതംമാറ്റം എന്ന പേരില്‍ നിയമം കൊണ്ടുവന്ന് ക്രൈസ്തവ ലോകത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം വിമര്‍ശിച്ചു. നക്സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേ നടപടി ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ക്കെതിരെയും ഉണ്ടാകണണം. ബിജെപി സര്‍ക്കാര്‍ സംരക്ഷണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനുള്ള തെളിവാണ് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതെന്നും അദേഹം പറഞ്ഞു.
ഒഡീഷയിലെ ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികന്, രണ്ട് കന്യാസ്ത്രീകള്‍, ഒരു മതബോധകന്‍ എന്നിവര്‍ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടില്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.






