ഷാങ്ഹായ് ഉച്ചകോടി: ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കും; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ചൈന

ബീജിങ്: ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കായി ടിയാന്ജിനിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ചൈന. ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കുമെന്ന് ചൈന വ്യക്തമാക്കി. ഈ മാസം അവസാനമാണ് സന്ദര്‍ശനം.
2019 ന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് ഉച്ചകോടി. എല്ലാ എസ്.സി.ഒ അംഗരാജ്യങ്ങളും 10 അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉള്‍പ്പെടെ 20 ലധികം രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ അറിയിച്ചു. എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ എസ്.സി.ഒ മീറ്റാണിത്.
”ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന് ഗുവോ ജിയാകുന്‍ പറഞ്ഞു.
2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ അദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിനിടെയാണ് ഈ സന്ദര്‍ശനം.
എസ്.സി.ഒയില്‍ നിലവില്‍ ചൈന, ഇന്ത്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്, താജിക്കിസ്ഥാന്‍, ഇറാന്, ഉസ്ബെക്കിസ്ഥാന് ഒമ്പത് അംഗ രാജ്യങ്ങളുണ്ട്. എസ്.സി.ഒ സ്ഥാപിതമായതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഉച്ചകോടിയായിരിക്കും ടിയാന്‍ജിന്‍ ഉച്ചകോടിയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.






