
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിനെ കുറിച്ച് വിമർശിക്കുന്നതിന് മുമ്പ് ഡൽഹിയിലെ പഴയ രാഷ്ട്രീയ സാഹചര്യങ്ങൾ മോദി ഓർക്കണമെന്നും ചെന്നിത്തല പറഞ്ഞു.
“കേരളത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ച് ദിവസം മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. എന്നാൽ ഡൽഹിയിൽ ഒരിക്കൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ അമ്പത് ദിവസത്തോളം എടുത്തിരുന്നു. അന്ന് രാജ്യതലത്തിൽ തന്നെ അനിശ്ചിതത്വം സൃഷ്ടിച്ച നേതാവാണ് ഇപ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നത്,” എന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്ന സംഘടനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “നാഗ്പൂരിലെ ആസ്ഥാനത്ത് നിന്ന് നിർദേശം വന്നാൽ അതനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്. എല്ലാ നേതാക്കളുമായും ചർച്ച നടത്തി ജനാധിപത്യപരമായ രീതിയിലാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്,” എന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേൾക്കുന്നുണ്ടെന്നും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാർട്ടിക്കുള്ളിലെ ചർച്ചകൾ സ്വാഭാവിക ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അത് ദൗർബല്യമായി കാണേണ്ടതില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.






