‘എന്റെ സുഹൃത്തുമായി ദീര്‍ഘ നേരം സംഭാഷണം നടത്തി, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തും’: തീരുവ ഭീഷണിയ്ക്ക് പിന്നാലെ നരേന്ദ്ര മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഏറെനേരം സംഭാഷണം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചത്.
ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉക്രെയ്നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പങ്കുവെച്ചതിന് റഷ്യന്‍ പ്രസിഡന്റിനോട് നന്ദി പറയുകയും ചെയ്തു.
‘എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ മികച്ചതും വിശദസുദീര്‍ഘവുമായ ഒരു സംഭാഷണം നടത്തി. ഉക്രെയ്നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പങ്കുവെച്ചതിന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഞങ്ങളുടെ ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഞങ്ങള്‍ അവലോകനം ചെയ്തു, ഇന്ത്യ-റഷ്യ പ്രത്യേകവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് പുടിന് ആതിഥേയത്വം വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി ഒരു ഔദ്യോഗിക പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തില്‍, റഷ്യയും ഉക്രെയ്നും ചര്‍ച്ചകള്‍ നടത്തി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഉഭയകക്ഷി അജണ്ടയിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തുവെന്ന് പ്രസ്താവനയില്‍ പറയുന്നു.






