Breaking NewsIndiaLead NewsNEWSpolitics

വിജയ്ക്ക് അഭിനന്ദനം; കോൺ​ഗ്രസിന് വിമർശനം- ‘വിശ്വാസവഞ്ചകർ‘, ‘പരാദജീവി‘ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി; ‘അധികാരത്തോടുള്ള അമിത ആഗ്രഹം മൂലം അവർ ഡി.എം.കെ യെ പിന്നിൽ നിന്ന് കുത്തി; ഇപ്പോൾ മറ്റൊരു പാർട്ടിയുടെ ചുമലിൽ കയറി സഞ്ചരിക്കുന്നു‘

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാനത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി ഉറപ്പുനൽകി.

അതേസമയം, ടിവികെയുടെ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനവും ഉന്നയിച്ചു. കോൺഗ്രസിനെ “പരാദജീവി” എന്നും “വിശ്വാസവഞ്ചകർ” എന്നും വിശേഷിപ്പിച്ച മോദി, അധികാരലാഭത്തിനായി അവർ സഖ്യങ്ങളെ ഉപയോഗിക്കുന്നുവെന്നാണ് ആരോപിച്ചത്.

Signature-ad

കഴിഞ്ഞ 25 മുതൽ 30 വർഷം വരെ കോൺഗ്രസ് ഡി.എം.കെ യുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. പല രാഷ്ട്രീയ പ്രതിസന്ധികളിലും കോൺഗ്രസിനെ കരകയറ്റിയത് ഡി.എം.കെ യാണെന്നും, യു.പി.എ സർക്കാരിന്റെ പത്ത് വർഷത്തെ നിലനിൽപ്പിന് പിന്നിലും ഡി.എം.കെ യുടെ പിന്തുണ നിർണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“അധികാരത്തോടുള്ള അമിത ആഗ്രഹം മൂലം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കോൺഗ്രസ് ഡി.എം.കെ യെ പിന്നിൽ നിന്ന് കുത്തി. രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ അവർ ഇപ്പോൾ മറ്റൊരു പാർട്ടിയുടെ ചുമലിൽ കയറി സഞ്ചരിക്കുകയാണ്,” എന്നാണ് പ്രധാനമന്ത്രി വിമർശിച്ചത്.

മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തതും ശ്രദ്ധേയമായി. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കോൺഗ്രസ്-ഡി.എം.കെ സഖ്യം അവസാനിപ്പിച്ച ശേഷമാണ് കോൺഗ്രസ് ടി.വി.കെ യുമായി കൈകോർത്തത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രൂപപ്പെട്ട ഈ പുതിയ രാഷ്ട്രീയ നീക്കത്തിനെതിരെ ഡി.എം.കെ നേതൃത്വവും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസ് “പിന്നിൽ നിന്ന് കുത്തിയ” പാർട്ടിയാണെന്ന ആരോപണവും ഡി.എം.കെ നേതാക്കൾ തുറന്നുപറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: