വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു; ജമ്മുവില്‍ അരുന്ധതി റോയ് ഉള്‍പ്പെടെ 25 പേരുടെ പുസ്തകങ്ങള്‍ക്ക് നിരോധനം

ശ്രീനഗര്‍: അരുന്ധതി റോയ് ഉള്‍പ്പടെയുള്ളവരുടെ 25 പുസ്തകങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ നിരോധനം. വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് പുസ്തകം നിരോധിച്ചതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. 25 പുസ്തകങ്ങള്‍ വിഘടനവാദത്തെ ഉത്തേജിപ്പിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവില്‍ പറയുന്നു.
അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947- 2012, സുമന്ത്ര ബോസിന്റെ കശ്മിര് അറ്റ് ക്രോസ് റോഡ്സ്, അയിഷ ജലാലും സുഗത ബോസും എഴുതിയ കശ്മീര്‍ ദി ഫ്യൂച്ചര്‍ ഓഫ് സൗത്ത് ഏഷ്യ, സ്റ്റീഫന്‍ പി കോഹന്റെ കണ്‍ഫ്രണ്ടിങ് ടെററിസം, ക്രിസ്റ്റഫര്‍ സ്നെഡന്റെ ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍ തുടങ്ങിയ പുസ്തകങ്ങളും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്.






