മിന്നല്‍ പ്രളയം: ഉത്തരാഖണ്ഡില്‍ തിരച്ചില്‍ ഊര്‍ജ്ജിതം; 12 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍; രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കൂടുതല്‍ സേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തിനായി ഉത്തരകാശിയില്‍ എത്തിയിട്ടുണ്ട്.
ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ദേശീയപാത വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനും ശ്രമം ഊര്‍ജ്ജിതമാണ്. മിന്നല്‍ പ്രളയത്തില്‍ ഇതുവരെ അഞ്ചു മരണമാണ് സ്ഥിരീകരിച്ചത്. 190 പേരെ രക്ഷപ്പെടുത്തി. 11 സൈനികര്‍ അടക്കം നൂറോളം പേര് കാണാതായതായാണ് സംശയിക്കപ്പെടുന്നത്. റോഡും പാലവും അടക്കം ഒലിച്ചുപോയതോടെ ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടു പോയത്.
ഓപ്പറേഷന് ശിവാലിക് എന്ന പേരില്‍ കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. നൂറിലേറെ പേരെ രക്ഷപ്പെടുത്തിയതായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് വക്താവ് അറിയിച്ചു. സൈന്യം, എന്‍ഡിആര്‍എഫ്, എസ് ഡി ആര്‍എഫ്, ഐടിബിപി, തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. മിന്നല്‍ പ്രളയത്തില്‍ ധാരാലി ഗ്രാമത്തിലെ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. ധാരാലിയിലെ പകിതിയിലേറെ ഭാഗങ്ങള്‍ ചെളിയും അവശിഷ്ടങ്ങളും വെള്ളവും നിറഞ്ഞ നിലയിലാണ്.
മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് വിനോദസഞ്ചാരത്തിന് പോയി കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കാനാണ് ആലോചന. 28 മലയാളികള്‍ അടങ്ങുന്ന സംഘമുള്ളത് ഗംഗോത്രിക്ക് അടുത്തുള്ള ക്യാംപിലാണ്. തൃപ്പൂണിത്തുറ സ്വദേശികളായ നാരായണന് നായര്‍, ശ്രീദേവി പിള്ള എന്നിവര്‍ സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ടൂര്‍ പാക്കേജിലൂടെ 28 മലയാളികളാണ് വിനോദയാത്ര പോയത്. ഇതില്‍ 20 മുംബൈ മലയാളികളും എട്ടുപേര്‍ കേരളത്തില്‍ നിന്നുള്ളവരുമായിരുന്നു.






