പരിചയമില്ലാത്ത ഗ്രൂപ്പിലേക്ക് ചേര്‍ക്കുമ്പോള്‍ മുന്നറിയിപ്പ്; ചാറ്റ് നോക്കാതെ പുറത്തു കടക്കാം; തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ജനപ്രിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്; അപരിചിതര്‍ സന്ദേശം അയയ്ക്കുന്നതും നിയന്ത്രിക്കാം

ന്യൂയോര്‍ക്ക്: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ്. പരിചയമില്ലാത്തൊരാള്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് നിങ്ങളുടെ നമ്പര്‍ ചേര്‍ക്കുമ്പോള്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്കുന്നൊരു ഫീച്ചറാണിത്.
ഈ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളും സുരക്ഷിതരായി ഇരിക്കാനുള്ള ഉപദേശങ്ങളും അടങ്ങുന്നതാണ് വിവരങ്ങള്‍. ചാറ്റ് നോക്കാതെ തന്നെ ഈ ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കും വിധമാണ് വാട്‌സാപ്പ് ഇതൊരുക്കിയിരിക്കുന്നത്. വാട്‌സാപ്പ് വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ നിര്‍ബന്ധിതരായത്. ഉപയോക്താവ് ഗ്രൂപ്പില്‍ തുടരാന്‍ തീരുമാനിക്കുന്നതു വരെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം ജൂണ്‍ വരെ തട്ടിപ്പുമായി ബന്ധമുള്ള 68 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ കണ്ടെത്തി അവയെ നിരോധിച്ചതായി മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ വാട്‌സാപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. സോഷ്യല്‍മീഡിയ വഴി തട്ടിപ്പിന് ശ്രമിക്കുന്ന കംബോഡിയയിലെ ഒരു സംഘത്തിന്റെ പ്രവര്‍ത്തനം ഓപ്പണ്‍എഐയുമായി ചേര്‍ന്ന് തകര്‍ത്തതായും മെറ്റ അവകാശപ്പെട്ടു.
യൂസര്‍ നെയിം കീ
വാട്‌സാപ്പ് മറ്റൊരു ഫീച്ചറും വികസിപ്പിക്കുന്നുണ്ട്. ഇതിന്റെ പേരാണ് ‘യൂസര്‍ നെയിം കീകള്‍’. വാട്‌സാപ്പ് ട്രാക്കറായ WABetainfo ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്‌സാപ്പില്‍ അപരിചിതര്‍ മെസേജ് അയക്കുന്നത് നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ ഫീച്ചറിന് രണ്ട് ഭാഗങ്ങളുണ്ടായിരിക്കും.
യൂസര്‍നെയിം ആയിരിക്കും ആദ്യത്തേത്. ഫോണ്‍ മ്പറുകള്‍ പങ്കിടാതെ മറ്റുള്ളവരുമായി ചാറ്റിംഗ് നടത്താന്‍ ഇതുവഴി സാധിക്കും. ടെലിഗ്രാമിലേതിനു സമാനമായ ഫീച്ചറാണിത്. സ്വകാര്യത ഉറപ്പുവരുത്താന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. എല്ലാവര്‍ക്കും ഈ സേവനം ലഭിച്ചു തുടങ്ങിയിട്ടില്ല.
പുതിയ ഫീച്ചറിന്റെ രണ്ടാമത്തെ ഭാഗം യൂസര്‍നെയിം കീകള്‍ ആണ്. അതൊരു നാലക്ക പിന്‍ കോഡായിരിക്കും. ഒരു വാട്സാപ്പ് ഉപയോക്താവിന് ഒരു പുതിയ വ്യക്തിയില്‍ നിന്ന് ഒരു സന്ദേശം ലഭിക്കണമെങ്കില്‍, അയാള്‍ തന്റെ ഉപയോക്തൃനാമത്തോടൊപ്പം ഈ പിന്‍ പങ്കിടേണ്ടിവരും. ഈ കീ ഇല്ലാതെ ഒരു അജ്ഞാത വ്യക്തിക്കും ഉപയോക്താവിന് ഒരു സന്ദേശവും അയയ്ക്കാന്‍ കഴിയില്ല. അനാവശ്യമായതും സ്പാം ആയതുമായ സന്ദേശങ്ങള്‍ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കൂടുതല്‍ ഊന്നല്‍ നല്കുന്നതിന്റെ ഭാഗമായിട്ടാണ് വാട്‌സാപ്പ് ഈ ഫീച്ചറുകള്‍ കൊണ്ടുവരുന്നത്. whatsapp-launches-safety-overview-tool






