അമേരിക്ക ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയത് ഇന്ത്യക്കും ബ്രസീലിനും; ഇറാനും അഫ്ഗാനും പാകിസ്താനും വരെ കുറഞ്ഞ നികുതി; 60 ശതമാനം കയറ്റുമതിയെയും ബാധിക്കും; ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്ന് വസ്ത്ര കയറ്റുമതിക്കാര്‍ നേരിടേണ്ടത് കടുത്ത മത്സരം; കണക്കുകള്‍ ഇങ്ങനെ
സ്റ്റീല്‍, അലുമിനിയം, സെമികണ്ടക്ടറുകള്‍, മരുന്നുകള്‍, ഓട്ടോമൊബൈല്‍ മേഖലകളെ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപ്പോഴും ഇന്ത്യയുടെ 91 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ 65 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിക്കും താരിഫ് തിരിച്ചടിയാകും.

ന്യൂഡല്‍ഹി: യുഎസ് ഇന്ത്യക്കുമേല്‍ ചുമത്തിയ 50 ശതമാനം നികുതി കയറ്റുമതിക്കു വന്‍ തിരിച്ചടിയാകും. യുഎസലേക്ക് നിലവില്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ പാതിയില്‍ കൂടുതലിനും പുതിയ നികുതി തലവേദനയാകുമെന്നാണു വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നെന്ന ഒറ്റക്കാരണത്താലണ് ട്രംപ് പുതിയ എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് നീതീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും ആശങ്ക ചില്ലറയല്ല.
ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്‌നിലെ യുദ്ധത്തിന് ഊര്‍ജംപകരുകയാണെന്നും വിമര്‍ശിച്ചു. ഓഹരി വിപണിയില്‍ ഇതിന്റെ ആഘാതം പ്രതിഫലിക്കുന്നുണ്ട്. അതേസമയം യു.എസ്. റഷ്യയില്‍നിന്ന് യുറേനിയവും രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശോധിക്കാം എന്നായിരുന്നു മറുപടി. പകരം തീരുവ, കയറ്റുമതിമേഖലയെ വന്‍തോതില്‍ ബാധിക്കുമെങ്കിലും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അദാനിക്കെതിരെ യു.എസില്‍ കേസ് ഉള്ളതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

നിലവില്‍ യുഎസിന്റെ തീരുവ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരയായി മാറുക ഇന്ത്യയും ബ്രസീലുമാണ്. ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയിരിക്കുന്നത് ഈ രണ്ടു രാജ്യങ്ങള്‍ക്കുമാണ്. 50 ശതമാനം നികുതിയാണ് ചുമത്തിയത്. സിറിയയ്ക്ക് 41 ശതമാനവും ലാവാസിനും മ്യാന്‍മറിനും 40 ശതമാനം നികുതിയും സ്വിറ്റ്‌സര്‍ലന്‍ഡിന് 39 ശതമാനം നികുതിയും ചുമത്തി. കാനഡ, ഇറാഖ്, സെര്‍ബിയ എന്നിവയ്ക്കു 35 ശതമാനവും അള്‍ജീരിയ, ബോസ്‌നിയ, ലിബി, സൗത്ത് ആഫ്രിക്ക എന്നിവയ്ക്ക് 30%, മെക്‌സിക്കോ, ബ്രൂണെ, കസാഖിസ്ഥാന്‍, മോള്‍ഡോവ, ടുണീഷ്യ എന്നിവയ്ക്ക് 25%, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌വാന്‍, വിയറ്റ്‌നാം എന്നിവയ്ക്ക് 20%, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് എന്നിവയ്ക്കു 19 ശതമാനം നികുതിയും ചുമത്തി. നിലവില്‍ ബ്രിട്ടനാണ് ഏറ്റവും കുറഞ്ഞ നികുതിയുള്ളത്- 10 ശതമാനം.
സ്റ്റീല്‍, അലുമിനിയം, സെമികണ്ടക്ടറുകള്‍, മരുന്നുകള്‍, ഓട്ടോമൊബൈല്‍ മേഖലകളെ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപ്പോഴും ഇന്ത്യയുടെ 91 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ 65 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിക്കും ഇതു തിരിച്ചടിയാകും. ബംഗ്ലാദേശ്, പാകിസ്താന്‍, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നിവയുമായി ടെക്‌സ്‌റ്റൈല്‍സ് രംഗത്താണ് ഏറ്റവും കൂടുതല്‍ മത്സരമുണ്ട്. ഇന്ത്യയൊഴിച്ചു ബാക്കിയെല്ലാ രാജ്യങ്ങള്‍ക്കും തീരുവ കുറവാണ്. വസ്ത്രങ്ങള്‍, ഹോം ഫര്‍ണിഷിംഗ് എന്നിവയടക്കം നിരവധിപ്പേര്‍ ജോലിചെയ്യുന്ന മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ് പ്രതീക്ഷിക്കാവുന്നത്. സിന്തറ്റിക് ഡയമണ്ട്, ജീരകം എന്നിവയില്‍ ഇന്ത്യക്കു മേല്‍ക്കൈയുണ്ട്. ബാക്കിയുള്ളവയെല്ലാം കടുത്ത മത്സരം നേരിടേണ്ടിവരും.
over-half-of-india-s-exports-to-us-now-in-jeopardy-under-trump-s-tariff-hike






