സെന്‍ട്രല്‍ ആംഡ് പൊലീസ് പരീക്ഷയ്ക്ക് വയര്‍ലെസ് സെറ്റ് ഒളിപ്പിച്ചു കടത്തി; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് അറസ്റ്റില്‍

കൊച്ചി: യുപിഎസ്സിയുടെ സെന്‍ട്രല്‍ ആംഡ് പൊലീസ് സര്‍വീസ് പരീക്ഷയ്ക്ക് വയര്‍ലെസ് സെറ്റ് ഒളിപ്പിച്ചുകടത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. ഛത്തീസ്ഗഡ് സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടറായ ബിഹാര്‍ സ്വദേശിയാണ് പിടിയിലായത്. മറ്റൊരു വയര്‍ലെസ് സെറ്റുമായി സമീപത്തുള്ള ഹോട്ടല്‍ മുറിയില്‍ നിന്ന് ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കൂടി അറസ്റ്റ് ചെയ്തു.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച എറണാകുളം എസ്ആര്‍വി സ്കൂളില്‍ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടിന് ശ്രമം നടന്നത്.
സ്കൂളിന്റെ പ്രധാനകവാടത്തില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം മറികടന്നാണ് ഇയാള്‍ ജാക്കറ്റും ഉപകരണങ്ങളുമായി സ്കൂള്‍ വളപ്പില്‍ എത്തിയത്. പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ജാക്കറ്റ് സ്കൂള്‍ വളപ്പില്‍ ഒളിപ്പിച്ചു. ദേഹപരിശോധനയ്ക്കു ശേഷം ജാക്കറ്റ് ധരിച്ച് പരീക്ഷാഹാളില്‍ കടന്നു. ജാക്കറ്റിനുള്ളിലാണ് വയര്‍ലെസ് സെറ്റും ട്രാന്‍സ്മിറ്ററും ഒളിപ്പിച്ചത്.
ഇയാളുടെ ജാക്കറ്റില്‍ ഒളിപ്പിച്ചിരുന്ന പഴയ ചോദ്യപേപ്പര്‍ അബദ്ധത്തില്‍ നിലത്ത് വീഴുന്നതുകണ്ട് ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതാണ് കള്ളി പൊളിയാന്‍ കാരണം. ഇന്‍വിജിലേറ്ററുടെ നിര്‍ദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയപ്പോള്‍ വയര്‍ലെസും ട്രാന്‍സ്മിറ്ററും കണ്ടെടുക്കുകയായിരുന്നു.






