Breaking NewsIndiaLead News

ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയ ജാട്ട് നേതാവ്

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസായിരുന്നു, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഉത്തര്‍പ്രദേശിലെ ബാഘ്പതില്‍നിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാല്‍ മാലിക്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം 1974ല്‍ ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എയായി. തുടര്‍ന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദള്‍ പാര്‍ട്ടിയില്‍നിന്ന് ലോക്‌സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടിയിലേക്കും സത്യപാല്‍ മാലിക് കൂടുമാറി.

Signature-ad

2017ല്‍ ബിഹാര്‍ ഗവര്‍ണറായി മാലിക്കിനെ നിയമിച്ചു. തുടര്‍ന്ന് ഒഡീഷയുടെ അധിക ചുമതലയും നല്‍കി. 2018 ഓഗസ്റ്റിലാണ് ജമ്മു കശ്മീര്‍ ഗവര്‍ണറാകുന്നത്. ഇദ്ദേഹത്തിന്റെ കാലയളവിലാണ് ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മുകശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചും കോണ്‍ഗ്രസിനെ പിന്തുണച്ചും സത്യപാല്‍ മാലിക് ബിജെപിയെ വെട്ടിലാക്കിയിരുന്നു. പുല്‍വാമയില്‍ 2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ സത്യപാല്‍ മാലിക് രംഗത്തെത്തി.

കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്നും അക്കാര്യം മോദിയോടു ചൂണ്ടിക്കാട്ടിയപ്പോള്‍ തല്‍ക്കാലം മിണ്ടാതിരിക്കാനാണു മറുപടി ലഭിച്ചതെന്നും സത്യപാല്‍ ആരോപിച്ചു. കര്‍ഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചും സത്യപാല്‍ മാലിക് ബിജെപിയെ പ്രതിരോധത്തിലാക്കി. മേഘാലയ ഗവര്‍ണറായിരിക്കുമ്പോഴാണ് സത്യപാല്‍ കര്‍ഷക സമരത്തിനും ഭാരത് ജോഡോ യാത്രയ്ക്കും പിന്തുണ പ്രഖ്യാപിച്ച രംഗത്തെത്തിയത്.

Back to top button
error: