ദലിതര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം: നടി മീര മിഥുന്‍ അറസ്റ്റില്‍; പിടിയിലായത് മുന്‍ ബിഗ്‌ബോസ് താരം

ചെന്നൈ: സമൂഹമാധ്യമത്തിലൂടെ ദലിതര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ നടിയും മോഡലുമായ മീര മിഥുന്‍ അറസ്റ്റില്‍. 2021ല്‍ നടന്ന സംഭവത്തില്‍ നേരത്തെ ഇവര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയില്‍നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. മീരയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
കേസില്‍ മീര മിഥുനും സുഹൃത്ത് സാമിനുമെതിരെ ഏഴു വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പൊലീസിന് നടിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകളെ സിനിമയ്ക്കു പുറത്താക്കണമെന്ന് നടി പറയുന്ന വീഡിയോ ആണ് കേസിനാസ്പദം. വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് നടി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. വിജയ് ടിവിയിലെ ജോഡി നമ്പര്‍ വണ്‍ എന്ന പരമ്പരയിലും അവര്‍ മത്സരാര്‍ഥിയായി എത്തി. 8 തോട്ടകള്‍, താന സെര്‍ന്ത കൂട്ടം, ബോധൈ യെരി ബുദ്ധി മാരി തുടങ്ങിയ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്.






