Breaking NewsCrimeLead NewsNEWS

സ്ത്രീകളെ വശീകരിക്കാന്‍ ‘അമ്മാവന്‍’ മിടുക്കന്‍; 2.15 ഏക്കറില്‍ സെബാസ്റ്റ്യന്‍ കുഴിച്ചുമൂടിയത് എത്രപേരെ? അടിമുടി ദുരൂഹതകളുമായി പള്ളിപ്പുറത്തെ ചെങ്ങുംതറ വീട്

ആലപ്പുഴ: കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ നൂറിലധികം പേരെ കൊന്ന് കുഴിച്ചിട്ടതായുള്ള വെളിപ്പെടുത്തലും തുടര്‍ന്നുള്ള പരിശോധനകളും പുരോഗമിക്കുന്നതിനിടെ, സമാനമായ വാര്‍ത്തകളാണ് ഇപ്പോള്‍ ആലപ്പുഴയില്‍നിന്നും വരുന്നത്. 2006-നും 2025-നുമിടയില്‍ ചേര്‍ത്തലയില്‍ നിന്ന് കാണാതായ മധ്യവയസ്‌കരായ നാല് സ്ത്രീകളില്‍ മൂന്നുപേരുടെ തിരോധാനം വിരല്‍ചൂണ്ടുന്നത് സെബാസ്റ്റ്യന്‍ (68) എന്നയാളിലേയ്ക്കാണ്.

സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ ചെങ്ങുംതറ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. വീട്ടുവളപ്പില്‍നിന്നും വീട്ടുപറമ്പിലെ കുളങ്ങളില്‍നിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ പറഞ്ഞയിടങ്ങളിലും കെഡാവര്‍ നായകള്‍ നല്‍കുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവില്‍ ജെയ്‌നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ എന്നാണ് സൂചന.

Signature-ad

ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകള്‍ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യന്‍ എന്നാണ് കരുതുന്നത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും ഇപ്പോള്‍ പോലീസ് സംശയിക്കുന്നുണ്ട്.

2024 ഡിസംബറില്‍ കാണാതായ ഏറ്റുമാനൂര്‍ സ്വദേശിനി ജയ്‌നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനില്‍ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ട് എന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്‌നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകള്‍ പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങുംതറ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവിടെനിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷണസംഘം വീണ്ടും ചികഞ്ഞുതുടങ്ങിയത്.

സ്ത്രീകളെ വശീകരിച്ച് സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുകയാണ് സെബാസ്റ്റ്യന്റെ രീതി എന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍നിന്ന് മനസ്സിലാക്കാനാവുന്നത്. മാന്യനായ വ്യക്തിയായാണ് നാട്ടില്‍ സെബാസ്റ്റ്യന്‍ അറിയപ്പെട്ടിരുന്നത്. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും ‘അമ്മാവന്‍’ എന്നായിരുന്നു സെബാസ്റ്റ്യന്‍ അറിയപ്പെട്ടിരുന്നത്. വസ്തു ഇടപാടുകളും ഇടനിലയുമൊക്കെയായിരുന്നു സെബാസ്റ്റ്യന്റെ തൊഴിലുകള്‍. ഇതിന്റെ ഭാഗമായാണ് ഇയാള്‍ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നതെന്നാണ് സൂചന.

2006-ലാണ് 47 വയസ്സുള്ള ചേര്‍ത്തല സ്വദേശി ബിന്ദുവിനെ കാണാതായത്. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ താമസിച്ചു വരികയായിരുന്നു ബിന്ദു. കോടികളുടെ സ്വത്തിനുടമയായ ബിന്ദു എംബിഎ ബിരുദധാരിയായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞ്, 2017-ലാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതി ലഭിക്കാനുണ്ടായ കാലതാമസം പോലീസിന് അന്വേഷണത്തില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ബിന്ദുവിന്റെ സ്വത്ത് സെബാസ്റ്റ്യന്‍ മറിച്ചുവിറ്റതായി പിന്നീട് പോലീസ് കണ്ടെത്തി.

2012 മേയ് 13-നാണ് ഐഷ(54)യെ കാണാതാകുന്നത്. വീടിനോടു ചേര്‍ന്ന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സമീപവാസിയായ സ്ത്രീ വഴിയായിരുന്നു സെബാസ്റ്റ്യന്‍ ഇടനിലക്കാരനായെത്തിയത്. ബാങ്കില്‍ പോകുന്നെന്നു പറഞ്ഞാണ് അവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട്, ഇവരുടേതെന്നു സംശയിക്കുന്ന മൃതദേഹം മൂവാറ്റുപുഴയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കിട്ടിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചില്ല. കുടുംബവുമായി അകന്നുകഴിഞ്ഞിരുന്ന ഐഷ ഒറ്റയ്ക്കായിരുന്നു താമസം.

2020 ഒക്ടോബറിലാണ് സിന്ധുവിനെ കാണാതായത്. മകളുടെ വിവാഹനിശ്ചയത്തിന് രണ്ടുദിവസം മുമ്പ് അമ്പലത്തിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ സിന്ധു പിന്നീട് തിരിച്ചുവന്നില്ല. അര്‍ത്തുങ്കല്‍ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചശേഷമായിരുന്നു സിന്ധു വീടുവിട്ടിറങ്ങിയത്. ഇവര്‍ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് എങ്ങോട്ടുപോയെവന്ന് കണ്ടെത്താന്‍ സാധിച്ചില്ല.

 

Back to top button
error: