യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അനധികൃത താമസത്തെച്ചൊല്ലി തര്‍ക്കം; കോളജ് വളപ്പില്‍ എസ്എഫ്‌ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ജില്ലാ നേതാവിനെ ഇടിച്ചുകൂട്ടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്‌ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ജില്ലാ നേതാവിനു മര്‍ദനമേറ്റു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി കോളജ് വളപ്പിലായിരുന്നു സംഘട്ടനം. തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ എത്തിയ കോളജിലെ ഡിഗ്രി വിദ്യാര്‍ഥി കൂടിയായ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു.
സംഘര്‍ഷ വിവരം അറിഞ്ഞ് കന്റോണ്‍മെന്റ് പൊലീസ് കോളജില്‍ എത്തിയെങ്കിലും ഇരുകൂട്ടരും പരാതിയില്ലെന്ന് അറിയിച്ച് സ്ഥലംവിട്ടു. സംഘര്‍ഷത്തെ തുടര്‍ന്നു കോളജ് പരിസരത്ത് രാത്രി പൊലീസിനെ വിന്യസിച്ചു. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ ആക്രമണ കേസുകളുടെ പേരില്‍ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയെ പരിച്ചുവിടാന്‍ 6 മാസം മുന്‍പ് സിപിഎം ജില്ലാ കമ്മിറ്റി തീരുമനിച്ചെങ്കിലും പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ച് അതേ യൂണിറ്റ് കമ്മിറ്റിയെ എസ്എഫ്ഐ സജീവമാക്കുകയായിരുന്നു.
ഭിന്നശേഷിക്കാരനെ ആക്രമിച്ച കേസില്‍ 4 എസ്എഫ്ഐ നേതാക്കളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ പ്രതികള്‍ക്ക് വന്‍ വരവേല്‍പ്പ് നല്‍കിയാണ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.






