എന്തൊരു കള്ളക്കളി; ഇംഗ്ലണ്ടിനു വേണ്ടി ഓണ്‍ഫീല്‍ഡ് അംപയറുടെ ഒരു കൈ സഹായം! വെറുതേയല്ല ഇന്ത്യന്‍ ടീം ഉടക്കുന്നത്

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് വന്‍ നിയമയലംഘനം നടത്തി ഓണ്‍ഫീല്‍ഡ് അംപയറായ ശ്രീലങ്കയുടെ കുമാര്‍ ധര്‍മസേന കുരുക്കില്‍. ഇംഗ്ലീഷ് ടീമിനെ സഹായിക്കുന്ന തരത്തിലുള്ള ഒരു നീക്കം നടത്തിയതാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള ആരാധകരോഷമാണ് ധര്‍മസേനയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അതേസമയം, ഓവല്‍ ടെസ്റ്റില്‍ ടെസ്റ്റില്‍ ടോസ് നഷ്ടമായ ശേഷം ബാറ്റിങിനയക്കട്ടെ ഇന്ത്യക്കു ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഓപ്പണര്‍മാരെ ഇന്ത്യക്കു നഷ്ടമായിരുന്നു. മഴയെ തുടര്‍ന്നു ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലു മടങ്ങി. 60 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 199 റണ്‍സെന്ന നിലയിലാണ്.
ഓവല്‍ ടെസ്റ്റിന്റെ ഒന്നാംദിനം ലഞ്ച് ബ്രേക്കിനു മുമ്പാണ് ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേനയുടെ ഭാഗത്തു നിന്നും ഇംഗ്ലണ്ട് ടീമിനു വഴിവിട്ട സഹായം സഹായം ലഭിച്ചത്. പേസര്‍ ജോഷ് ടങെറിഞ്ഞ 13-ാമത്തെ ഓവറിലായിരുന്നു വിവാദ സംഭവം.
ഒരു വിക്കറ്റിനു 34 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഈ ഓവര്‍ ആരംഭിച്ചത്. 13 റണ്‍സുമായി കെഎല്‍ രാഹുലും ആറു റണ്‍സെടുത്ത സായ് സുദര്‍ശനുമായിരുന്നു ക്രീസില്‍. സായിയാണ് ഓവറിലെ ആദ്യത്തെ ബോള്‍ നേരിട്ടത്. 142 കിമി വേഗതയുള്ള ബോളിനെതിരേ അദ്ദേഹം റണ്ണൊന്നുമെടുത്തില്ല.
അടുത്തത് താഴ്ന്നുവന്ന ഒരു ഇന്‍സ്വിങിങ് ഫുള്‍ ടോസായിരുന്നു. ബോളിന്റെ വേഗതയും മൂര്‍ച്ചയും കാരണം സായ് അടിതെറ്റി താഴെ വീഴുകയും ചെയ്തു. പിന്നാലെ ടങിന്റെയും ഇംഗ്ലീഷ് താരങ്ങളുടെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ധര്‍മസേന അതു തള്ളി. ഇതോടെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒല്ലി പോപ്പ് റിവ്യു എടുത്തേക്കുമെന്നും സംശയിച്ചു.
എന്നാല്‍ ഇതിനിടെയാണ് ബാറ്റില്‍ എഡ്ജുണ്ടെന്നു ധര്‍മസേന കൈവിരല്‍ കൊണ്ടു ആംഗ്യം കാണിച്ചത്. ഇതോടെ ഇംഗ്ലീഷ് ടീം റിവ്യുവില്‍ നിന്നും പിന്‍മാറുകയും ചെയ്തു. മനപ്പൂര്‍വ്വമല്ലെങ്കിലും ധര്‍മസേന ചെയ്തത് ഗുരുതരമായ നിയമലംഘനം തന്നെയാണ്. ഇതു കാരണം വിലപ്പെട്ട മൂന്നു റിവ്യുകളില്‍ ഒന്ന് ഇംഗ്ലണ്ടിനു നഷ്ടമാവാതിരിക്കുകയും ചെയ്തു.
ഡിആര്‍എസ് മാനദണ്ഡപ്രകാരം അപ്പീലുകളുടെ സമയത്തു അംപയര്‍മാര്‍ ഈ തരത്തിലുള്ള സിഗ്‌നലുകളൊന്നും തന്നെ നല്‍കാന്‍ പാടില്ല. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ടീമിന്റെ എല്‍ബിഡബ്ല്യു അപ്പീലിനു പിന്നാലെ ഇന്‍സൈഡ് എഡ്ജുണ്ടെന്നു ധര്‍മസേന ആംഗ്യം കാണിച്ചത് വലിയ തെറ്റ് തന്നെയാണ്.
ഔട്ടെന്നോ, നോട്ടൗട്ടെന്നോ വിധിക്കാനുള്ള അനുമതി മാത്രമേ ഈ സമയത്തു അംപയര്‍മാര്‍ക്കുള്ളൂ. റിവ്യു വേണമോ, വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഈ അവസരമാണ് ഈ സമയത്തു ഒരു ടീമിനു നല്‍കേണ്ടത്. പക്ഷെ അതു നല്‍കാതെയാണ് ധര്‍മസേന എഡ്ജാണെന്ന സിഗ്‌നല്‍ കാണിച്ചത്.






