തെങ്കാശി എന്ന തെക്കൻകാശി
കുറ്റാലം വെള്ളച്ചാട്ടം ഉള്പ്പടെ പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ കുഞ്ഞു പട്ടണമാണ് തെങ്കാശി. തണ്ണീർത്തടങ്ങളാണ് തെങ്കാശിയിലെ ആകർഷണങ്ങളിലൊന്ന്. ആയിരക്കണക്കിനു പക്ഷികളെ ഈ തണ്ണീർതടങ്ങളിൽ കാണാം. സൂര്യകാന്തിപ്പാടങ്ങളാൽ പേരുകേട്ട സുന്ദരപാണ്ഡ്യപുരവും ഇതിനടുത്താണ്… കണ്ണിനും മനസ്സിനും കൗതുകം ചൊരിയുന്ന കഴ്ചകളിലേയ്ക്ക് നയിക്കുകയാണ് കഥാകൃത്ത്കൂടിയായ ഏബ്രഹാം വറുഗീസ്
ആഗ്രയും നയാഗ്രയും തമ്മിൽ പേരിലെ സാമ്യം ഒഴികെ മറ്റൊരു ബന്ധവുമില്ല. എന്നാൽ കാശിയും തെങ്കാശിയും തമ്മിൽ അങ്ങനെയല്ല.
ദക്ഷിണകാശി എന്നർത്ഥം വരുന്ന തെങ്കാശിയിൽ കാശിയിലേതു പോലെ ശില്പഭംഗി വിടർത്തി നിൽക്കുന്ന നൂറിലധികം ക്ഷേത്രങ്ങളുണ്ട്. ശിവക്ഷേത്രം, ഉലഗമ്മൻ ക്ഷേത്രം, കുലശേഖരനാഥൻ, കണ്ണിമാരമ്മൻ ക്ഷേത്രം തുടങ്ങിയവ തെങ്കാശിയിലെ പ്രസിദ്ധ ക്ഷേത്രങ്ങളാണ്.
ഇതുകൂടാതെ പട്ടണത്തിനു നടുക്ക് പടുകൂറ്റൻ ഗോപുരത്തോടു കൂടി പ്രൗഢ ഗംഭീരമായ മറ്റൊരു ക്ഷേത്രമുണ്ട്, കാശി വിശ്വനാഥർ ക്ഷേത്രം.
കാശിയാത്രയിൽ പാരക്കിരാമ പാണ്ഡ്യൻ എന്ന രാജാവിന് മുന്നിൽ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ടത്രെ. എന്നിട്ട് മണ്ണിൽ കൂടി പോകുന്ന ഉറുമ്പുകളെ ചൂണ്ടിക്കാട്ടി പറഞ്ഞു, ‘നീ ഈ ഉറുമ്പുകളെ പിന്തുടരുക. അവ എവിടെ നിൽക്കുന്നുവോ അവിടെ ഒരു അമ്പലം പണിയുക.’
ഭഗവാൻ ഉടൻ അപ്രത്യക്ഷനായി. ആ കൽപ്പന അനുസരിച്ച് ഉറുമ്പുകളെ പിന്തുടർന്ന രാജാവ് തെങ്കാശിയിലെത്തി. അവിടെ മനോഹരമായ ശില്പചാരുതയോടെ ഒരു ക്ഷേത്രം നിർമ്മിച്ചു.
പതിനാലാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നതെന്നാണ് വിശ്വസം. തെങ്കാശിയിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രവും കാശി വിശ്വനാഥർ ക്ഷേത്രമാണ്.
ക്ഷേത്രങ്ങൾ മാത്രമല്ല, പ്രകൃതിഭംഗി വാരിക്കോരി അനുഗ്രഹിച്ചിരിക്കുന്ന, മറ്റു ധാരാളം കാഴ്ചകളാലും സമ്പന്നമാണ് തെങ്കാശി.
തെങ്കാശിയുടെ ഈ സൗന്ദര്യം നിരവധി സിനിമകളിലും ദൃശ്യവൽക്കപ്പെട്ടിട്ടുണ്ട്. ജന്റിൽമാൻ, മുതൽവൻ, അന്യൻ തുടങ്ങി അസംഖ്യം ചിത്രങ്ങൾ.
അപ്പോൾ കണ്ണപ്പൻ മുതലാളിയേയും ദാസപ്പൻ മുതലാളിയേയും തേടി തെങ്കാശിപ്പട്ടണത്തിലേക്കുള്ള ശത്രുഘ്നന്റെ യാത്ര ഇവിടെ ആരംഭിക്കുകയാണ്…
കുറ്റാലം വെള്ളച്ചാട്ടം ഉള്പ്പടെ പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ ഒരു കുഞ്ഞു പട്ടണമാണ് തെങ്കാശി. തണ്ണീർത്തടങ്ങളാണ് തെങ്കാശിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആയിരക്കണക്കിനു പക്ഷികളെ ഈ തണ്ണീർതടങ്ങളിൽ കാണാം. സൂര്യകാന്തിപ്പാടങ്ങളാൽ പേരുകേട്ട സുന്ദരപാണ്ഡ്യപുരവും ഇവിടെ അടുത്തുതന്നെ. സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്ന വഴിയിലാണ് റോജാപാറ അഥവാ അന്യൻപാറ.
അന്യൻ സിനിമയിലെ ഗാനരംഗം ചിത്രീകരിച്ചത് ഇവിടെയാണ്. അതിനായി റോഡിലും പാറകളിലുമെല്ലാം വിവിധ വർണങ്ങളിൽ ചിത്രങ്ങൾ വരച്ചിരുന്നു. ‘അന്യ’നു വേണ്ടി വരച്ച രജനി, കമൽഹാസൻ, എ.ജിആർ, ശിവാജി ഗണേശൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ഇന്നും ഇവിടെ കാണാം. ‘റോജ’യിലൂടെയാണ് ഈ സ്ഥലം ആദ്യമായി ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്.
പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ ആകാശത്തെ താങ്ങി നിർത്തുന്ന പോലെ ദൂരെ മലനിരകളും കണ്ണെത്താദൂരം പരന്നുകിടക്കുന്ന മനോഹരമായ നെൽവയലുകളും കാണാം. അങ്ങോട്ടുള്ള റോഡിനിരുവശവും സൂര്യകാന്തി, തെങ്ങ്, നെല്ല്, വാഴ പിന്നെ മുളക്, ഉള്ളി, പരിപ്പ്, കടുക്, ബീറ്റ്റൂട്ട്, ചോളം, കൂർക്ക ഉൾപ്പടെയുള്ള കൃഷിയിടങ്ങളുടെ നീണ്ട നിര.
‘നിന്നെപ്പോലുള്ള മലയാളികളേയൊക്കെ ഞങ്ങളല്ലേടാ തീറ്റിപ്പോറ്റുന്ന’തെന്ന ഗർവ്വ് ഓരോ പുൽനാമ്പുകളിലും കാണാം.
പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന വെള്ളച്ചാട്ടങ്ങൾ ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണം. പേരരുവി, ചിറ്റരുവി, ചമ്പാദേവി, തേനരുവി, പഴയ കുറ്റാലം അരുവി, ഐന്തരുവി ഇവയൊക്കെയാണ് പ്രധാന വെള്ളച്ചാട്ടങ്ങൾ. ഇതിൽ കുറ്റാലം ആണ് പ്രസിദ്ധം.
ഔഷധ സസ്യങ്ങളാൽ സമ്പന്നമായ പൊതിഗൈ മലകളിൽ നിന്ന് വരുന്ന ഈ ജലത്തിനു ഔഷധ ഗുണങ്ങളുണ്ട്. അതിനാൽ കുറ്റാലത്തെ വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ, മറ്റെങ്ങും ലഭിക്കാത്ത ശരീരസുഖം ലഭിക്കുമെന്നാണ് തദ്ദേശിയരുടെ വിശ്വാസം.
സദാസമയവും കാറ്റ് വീശുന്ന ഈ പ്രദേശത്ത് കാറ്റിനോട് മല്ലിട്ട് നിൽക്കുന്ന നൂറുകണക്കിന് പടുകൂറ്റൻ കാറ്റാടി യന്ത്രങ്ങളാണ് മറ്റൊരു പ്രത്യേകത. ദൂരെ നിന്ന് നോക്കിയാൽ മലഞ്ചെരുവുകളിൽ ആകാശത്തേക്ക് പറന്നുയരാൻ ചിറകുകൾ വിടർത്തി നിൽക്കുന്ന ആയിരക്കണക്കിനു കൊറ്റികളെ പോലെ തോന്നിക്കും ഈ കാറ്റാടിപ്പാടങ്ങൾ…!
കാണാനൊരുപാടുണ്ട് തെങ്കാശിക്കു ചുറ്റും. മണിമുത്താർ ഡാം. മാഞ്ചോല, തെന്മല, വല്ലം അങ്ങനെ ധാരാളം സ്ഥലങ്ങൾ.
ഒരു തനത് തമിഴ് ഗ്രാമത്തിന്റെ ഭംഗിയും ചൊടിയുമാണ് വല്ലത്തിന്. പച്ചവിരിച്ച പാടങ്ങളും അവയ്ക്ക് കാവലായി നിരന്നു കിടക്കുന്ന മലനിരകളും കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന അത്യുഗ്രൻ കാഴ്ച തന്നെയാണ്. പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ കിതച്ച് നീങ്ങുന്ന കാളവണ്ടികൾ.
തെരുവിലേക്ക് തുറക്കുന്ന വാസൽപ്പടിയിൽ കോലം വരക്കുന്ന സ്ത്രീകൾ… എടുത്തു പറയാം കറപുരളാത്തൊരു തനി നാട്ടിൻപുറമാണ് ഇന്നും വല്ലം!
പുനലൂർ നിന്നും തെന്മല, ആര്യങ്കാവ്, ചെങ്കോട്ട വഴി തെങ്കാശിയിലെത്താം. പ്ലാപ്പള്ളി-അച്ചൻകോവിൽ പാത വഴിയും ഇവിടെ എത്താമെങ്കിലും റോഡ് മോശമാണ്. ഒപ്പം ഈറൂട്ടിൽ കാട്ടാനകളുടെ ശല്ല്യവുമുണ്ട്. പത്തനംതിട്ടയിൽ നിന്നും മറ്റും ഒരു ദിവസം കൊണ്ട് പോയിട്ടുവരാനുള്ള ദൂരമേയുള്ളൂ തെങ്കാശിയിലേക്ക്.