BusinessNEWSNewsthen Special

ഓണവിപണിയിലെ രാജാവ്! സ്വര്‍ണനിറവും തേനൂറും രുചിയും! ചെങ്ങാലിക്കോടനെ അറിയാമോ?

തൃശൂര്‍: സ്വര്‍ണനിറവും തേനൂറും രുചിയുമുള്ള ചെങ്ങാലിക്കോടന്‍ കാഴ്ചക്കുലകളിലെ രാജാവാണെന്നാണു അറിയിപ്പെടുന്നത്. ഓണവിപണിയില്‍ ചെങ്ങാലിക്കോടന്‍ കഴിഞ്ഞേ മറ്റിനങ്ങള്‍ക്കു സ്ഥാനമുള്ളൂ. 2014ല്‍ ഭൗമസൂചിക പദവി കൂടി ലഭിച്ചതോടെ ചെങ്ങാലിക്കോടന്റെ പ്രാധാന്യമേറി. അത്തം മുതലാണ് നാട്ടിന്‍പുറങ്ങളിലെ തോട്ടങ്ങളില്‍നിന്ന് മൂത്തുപാകമെത്തിയ ചെങ്ങാലിക്കോടന്‍ കുലകള്‍ വിപണിയിലെത്താറുള്ളത്.

സ്വര്‍ണ നിറമാണെങ്കിലും ചെങ്ങാലിക്കോടന്‍ പാകമാകുന്തോറും തൊലിയില്‍ ചുവന്ന നിറം പ്രത്യക്ഷപ്പെട്ടു തുടങ്ങും. തടിച്ചുരുണ്ട നിലയിലാണ് പഴുത്ത കായുടെ രൂപം. ഉത്രാടനാളില്‍ ഗുരുവായൂരപ്പനു കാഴ്ചക്കുലക്കായി സമര്‍പ്പിക്കപ്പെടുന്നതും ചെങ്ങാലിക്കോടന്‍ കുലകളാണ്. ലക്ഷണമൊത്ത ഒരു ചെങ്ങാലിക്കോടന്‍ നേന്ത്രക്കുലയ്ക്ക് 14മുതല്‍ 16കിലോഗ്രാം വരെ തൂക്കമുണ്ടാകും. ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴത്തിന് കഴിഞ്ഞ തവണ ഓണക്കാലത്ത് 100 രൂപ കടന്നിരുന്നു.

Signature-ad

പതിനൊന്നാം നൂറ്റാണ്ടില്‍ കുലശേഖരരാജാക്കന്മാരുടെ പതനത്തിനുശേഷം വിവിധനാട്ടുരാജ്യങ്ങള്‍ ഉദയം ചെയ്തപ്പോള്‍ ഉണ്ടായ ഒരു നാട്ടുരാജ്യമായിരുന്നു തലപ്പിള്ളി. തലപ്പിള്ളിക്കരികില്‍ ചെങ്ങഴി നമ്പ്യാന്മാരുടെ കീഴിലുണ്ടായിരുന്ന ചെങ്ങഴിക്കോട് നാട്ടുരാജ്യത്താണ് ഈ വാഴക്കൃഷി ആദ്യമായി തുടങ്ങിയത് അങ്ങനെ ഇതിന് ചെങ്ങഴിക്കോടന്‍ എന്ന പേരു കിട്ടി. ചെങ്ങഴിക്കോടന്‍ പിന്നീട് ചെങ്ങാലിക്കോടനായി എന്നും കഥയുണ്ട്.

ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട കായകളായിരിക്കും. മധുരമുള്ള പഴങ്ങള്‍ പുഴുങ്ങിയാല്‍ മൃദുവാകും. മൂത്തു പഴുത്ത കായകള്‍ നല്ല സ്വര്‍ണനിറത്തില്‍ ചുവപ്പുംതവിട്ടും കലര്‍ന്നതായിരിക്കും. ഒരു കുലയില്‍ ഏഴ് പടലകള്‍ വരെയുണ്ടാകും. ഒരു കായ തന്നെ 400-500 ഗ്രാം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ കുല നന്നായിപഴുത്തതിനുശേഷം തലകീഴിയിപ്പിടിച്ചാല്‍ കായകള്‍ എല്ലാം അടര്‍ന്നു താഴെയെത്തും.
കുല വന്ന് 25 ദിവസമാകുമ്പോള്‍ വാഴയിലകള്‍ തന്നെ ഉപയോഗിച്ച് കുല പൊതിഞ്ഞ് കെട്ടണം. കുലച്ച് 100-110 ദിവസങ്ങള്‍ക്കകം കുല വെട്ടാം.

തൃശൂര്‍ ജില്ലയിലെ വേലൂര്‍, എരുമപ്പെട്ടി, വരവൂര്‍, മുള്ളൂര്‍ക്കര, തെക്കുംകര, കടങ്ങോട്, മുണ്ടത്തിക്കോട്, കൈപ്പറമ്പ്, മുണ്ടൂര്‍, ചൂണ്ടല്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് ചെങ്ങാലിക്കോടന്‍ നേന്ത്രവാഴക്കൃഷി വ്യാപകമായുള്ളത്. ചെങ്ങാലിക്കോടന്‍ വാഴകൃഷിയുടെ പ്രോത്സാഹനത്തിനും വിപണത്തിനുമായി എരുമപ്പെട്ടി കരിയന്നൂര്‍ ഗ്രാമത്തില്‍ ചെങ്ങാലിക്കോടന്‍ ബനാന ഗ്രോവേഴ്‌സ് അസോസിയേഷനും പ്രവര്‍ത്തിച്ചുവരുന്നു.

 

 

 

 

 

 

 

 

Back to top button
error: