തൃശൂരില്‍ അച്ഛനെ കൊന്ന് ചാക്കിലാക്കിയത് സ്വര്‍ണമാലക്ക് വേണ്ടി; പട്ടിക കൊണ്ട് തലക്കടിച്ചെന്ന് മകന്റെ മൊഴി

തൃശൂര്‍: മുളയത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തിയത് സ്വര്‍ണ്ണമാലക്ക് വേണ്ടിയെന്ന് പൊലീസ്. കൂട്ടാല സ്വദേശി സുന്ദരനാണ് മകന്‍ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ സുന്ദരന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്.
നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്നലെ സുന്ദരനുമായി തര്‍ക്കം ഉണ്ടാവുകയും മാല ആവശ്യപ്പെടുകയും ചെയ്തു. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നും പ്രതിയുടെ കുറ്റസമ്മതം. പിന്നീട് കയ്യും കാലും കെട്ടി ചാക്കില്‍ ആക്കി പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചെന്നും പൊലീസിന് സുമേഷ് മൊഴി നല്‍കി. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് അറിയിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലുള്ള സുന്ദരന്റെ ഇളയമകന്‍ ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് സുമേഷ് ഇവിടെ എത്തിയിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ അച്ഛനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത്.






