സൗദി അറേബ്യയുടെ എട്ടിന്റെ പണി: അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന ക്രൂഡ് വിലയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ആഭ്യന്തരമായി വില കൂട്ടേണ്ട സാഹചര്യം വന്നേക്കും

റിയാദ്: സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നല്കുന്ന ക്രൂഡ് ഓയിലിന് വില കൂട്ടിയ പിന്നാലെ സെപ്റ്റംബറില്‍ നല്കാനിരിക്കുന്ന എണ്ണയ്ക്കും വില കൂട്ടുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ക്രൂഡ് വില എത്തും. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്കുന്ന എണ്ണയുടെ വിലയാണ് കൂട്ടുകയത്രെ.
അറബ് ലൈറ്റ് ക്രൂഡ് ബാരലിന് 90 സെന്റിനും 1.05 ഡോളറിനുമിടയില്‍ സൗദി അറേബ്യ വര്‍ധിപ്പിക്കാനാണ് സാധ്യത. ഇതോടെ ബാരല്‍ വില 3.10-3.25 ഡോളറിലെത്തും. ഇത്രയും വില കൂടുന്നതോടെ ഇറക്കുമതി രാജ്യങ്ങള്‍ പ്രയാസം നേരിടും. യൂറോപ്പുമായി അമേരിക്ക വ്യാപാര ചുങ്ക കരാര്‍ ഒപ്പുവച്ച പിന്നാലെയാണ് സൗദി ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നത്. അറബ് എക്സ്ട്രാ ലൈറ്റ്, അറബ് മീഡിയം, അറബ് ഹെവി ഇനത്തില്‍പ്പെട്ട ക്രൂഡുകളുടെ വില 80-95 സെന്റ് ഉയരുമെന്നാണ് മറ്റൊരു വിവരം. ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഓഗസ്റ്റിലേക്കുള്ള ക്രൂഡ് വില നിശ്ചയിച്ചപ്പോഴും സൗദി അറേബ്യ നിരക്ക് കൂട്ടിയിരുന്നു. ഏഷ്യയിലേക്കും യൂറോപ്പിലേക്കും ബുക്ക് ചെയ്ത എണ്ണയ്ക്ക് ബാരലിന് ഒരു ഡോളര്‍ ആണ് കൂട്ടിയത്.
തുടര്‍ച്ചയായ രണ്ടാം മാസമാണ് ഏഷ്യയിലേക്ക് നല്കുന്ന ക്രൂഡിന്റെ വില സൗദി വര്‍ധിപ്പിക്കുന്നത്. ചൈനയില്‍ നിന്ന് എണ്ണയ്ക്കുള്ള ആവശ്യം കൂടി വരുന്നത് ഇതിന് കാരണമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ സൗദി വര്‍ധിപ്പിക്കുമ്പോള്‍ മറ്റു രാജ്യങ്ങളും ക്രൂഡ് വില കൂട്ടും. വില കൂട്ടുന്ന കാര്യത്തില്‍ അരാംകോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യയില്‍ നിന്ന് ഓരോ ദിവസവും 90 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തുന്നത്. ഇതിന് മൊത്തമായി വില കൂടാന്‍ പോകുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇറാന്, കുവൈറ്റ്, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വരുന്ന എണ്ണയുടെ വിലയും ഇതോടെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആവശ്യമുള്ള എണ്ണയുടെ 85 ശതമാനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സൗദിയുടെ നീക്കം. ഉയര്‍ന്ന വില നല്കി എണ്ണ വാങ്ങുമ്പോള്‍ ആഭ്യന്തരമായി വില കൂട്ടേണ്ട സാഹചര്യം വരും.






