തിരുവനന്തപുരത്ത് 15കാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 25 വർഷം തടവ്; കാസർകോട് പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 23 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാനെ (24)യാണ് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് 15 കാരിയെ പീഡിപ്പിച്ചത്. വിവാഹത്തിൽ നിന്നും ഇയാൾ പിൻമാറിയപ്പോള് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതറിഞ്ഞ് അബ്ദുള്‍റഹ്മാൻ പെണ്‍കുട്ടിയെ ക്രൂരമായി മർദ്ദിച്ചു. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മദ്രസ അധ്യാപകനായതിനാൽ വീട്ടുകാർക്ക് സംശയം തോന്നിയില്ല. പെണ്‍കുട്ടി പിന്നീട് പൂന്തുറ പൊലീസിൽ, അബ്ദുൾ റഹ്മാൻ പീഡിപ്പിച്ചുവെന്ന് മൊഴി നൽകി. .
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ആണ് ഹാജരായത്. പിഴ തുക കുട്ടിക്ക് നൽക്കണമെന്നാണ് വിധി. പ്രതി ഇത്തരം കുറ്റം ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. സർക്കാരും, ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാണമെന്നും വിധിയിൽ പറയുന്നു.
കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 23 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പരപ്പ കരിച്ചേരി വീട്ടിലെ രമേശനെ(35)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം 23 വര്‍ഷം കഠിന തടവിനും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2013 ജൂലൈ 26നാണു കേസിനാസ്പദമായ സംഭവം. അന്നത്തെ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ എം.വി അനില്‍കുമാര്‍ ആണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യുഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.