‘കോയിന്ദച്ചാമി’ ചതിച്ചാശാനേ! പരിശോധന കടുപ്പിച്ച് പൊലീസ്, ചുരത്തില്‍നിന്ന് ചാടിയ യുവാവ് പിടിയില്‍; എംഡിഎംഎ പിടിച്ചു

വയനാട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്കായി വെള്ളിയാഴ്ച നടത്തിയ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവിന് സമീപം കാറില്‍നിന്ന് ഇറങ്ങിയോടി ചുരത്തില്‍നിന്നു താഴേക്കു ചാടിയ യുവാവ് പിടിയില്‍. ലക്കിടിയില്‍ വച്ച് വൈത്തിരി പൊലീസാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് വയനാട്ടിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ ഇയാള്‍ ചുരത്തിലെ ഒന്‍പതാം വളവിലെ വ്യൂ പോയിന്റില്‍നിന്നു താഴേക്ക് ചാടിയത്. ഇയാളുടെ വാഹനത്തില്‍നിന്ന് 16 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. വണ്ടിയുടെ താക്കോല്‍ എടുത്തതിനു ശേഷമാണ് യുവാവ് കടന്നു കളഞ്ഞത്. അതുകൊണ്ട് തന്നെ യന്ത്രസഹായത്തോടെ വലിച്ചാണ് കാര്‍ വൈത്തിരി പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയത്. പൊലീസും ഫയര്‍ഫോഴ്സും ഡ്രോണ്‍ ഉള്‍പ്പെടെ എത്തിച്ച് മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും ഇയാളെ കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെയോടെ ലക്കിടി ഓറിയന്റല്‍ കോളജ് പരിസരത്ത് വച്ച് ഇയാളെ കണ്ടതായി ചിലര്‍ വിവരം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയുടെ ഭാഗമായി ഇയാളെ വൈത്തിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരിയില്‍ ബത്തേരിയില്‍ വച്ച് ഷഫീഖ് 93 ഗ്രാം എംഡിഎംഎയുമായി പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.






