രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ആറുകുട്ടികള്‍ മരിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

ജയ്പുര്‍: രാജസ്ഥാനിലെ ഝലാവറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ആറുകുട്ടികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയായിരുന്നു സംഭവം. മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.
പരിക്കറ്റവരെ മനോഹര്‍താന ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ അധ്യാപകരെയും മറ്റ് ജോലിക്കാരെയും കൂടാതെ 60 കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം. ഒറ്റനിലക്കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന്, കെട്ടിടം മുഴുവനായും നിലംപൊത്തുകയായിരുന്നു. എട്ടാം ക്ലാസുവരെയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
തകര്‍ന്നുവീഴാറായ സ്ഥിതിയിലായിരുന്ന സ്‌കൂള്‍ കെട്ടിടത്തെക്കുറിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നതായി സ്‌കൂള്‍ അധികൃതരും നാട്ടുകാരും പറഞ്ഞു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയതോതില്‍ മഴപെയ്തിരുന്നു. ഇതാവാം കെട്ടിടം പെട്ടെന്ന് തകര്‍ന്നുവീഴാന്‍ കാരണം എന്ന് അധികൃതര്‍ പറയുന്നു.
‘വലിയ ഒച്ചയോടെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. പിന്നാലെ വലിയനിലവിളികളും പൊടിപടലങ്ങളും ഉയര്‍ന്നു. ഓടിയെത്തിയവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് പോലും ഒരുനിമിഷത്തേക്ക് മനസിലായില്ല’, രക്ഷാപ്രവര്‍ത്തനത്തിനായി ഓടിക്കൂടിയ നാട്ടുകാരില്‍ ഒരാള്‍ പറയുന്നു. പിന്നാലെ എല്ലാവരും കൂടിച്ചേര്‍ന്ന് കട്ടകളും മറ്റ് അവശിഷ്ടങ്ങളും മാറ്റി ഉള്ളിലുള്ളവരെ പുറത്തെടുക്കുകയായിരുന്നു.
സംഭവം അത്യന്തം വേദന ഉളവാക്കുന്നതാണെന്നും മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവര്‍ അറിയിച്ചു.






