Breaking NewsKeralaLead NewsNewsthen Specialpolitics

നൂറ്റാണ്ടിന്റെ സമരസഖാവിനു വിട നല്‍കി തലസ്ഥാനം; ജന്മനാട്ടിലേക്ക് ഒരിക്കല്‍കൂടി വി.എസ്.; അണമുറിയാതെ അഭിവാദ്യങ്ങള്‍

തിരുവനന്തപുരം: വിപ്ലവ സൂര്യന് വിട നല്‍കി തലസ്ഥാനം. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ആറു പതിറ്റാണ്ടിലേറെ വിഎസിന്‍റെ കര്‍മ മണ്ഡലമായിരുന്ന നാടാണ് ഇടനെഞ്ചുപൊട്ടി സഖാവിനെ യാത്രായാക്കിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. വിലാപയാത്ര ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലെത്തും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനം ഒരുക്കിയായിരിക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസിലെ വിലാപയാത്ര. രാത്രി പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ആലപ്പുഴ ഡിസിയില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. നാളെ നാലുമണിക്ക് വലിയചുടുകാട്ടിലായിരിക്കും സംസ്കാരം.

സമരസഖാവിനെ ഒരു നോക്കുകാണാനും അന്ത്യമോപചാരം അര്‍പ്പിക്കാനും ജനപ്രവാഹം തുടരുകയാണ്.  ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീടായ വേലിക്കകത്ത് എത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ ഒന്‍പതുമണിയോടെ വിലാപയാത്രയായി മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ വി.എസ്സിന് അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം വി.എസ്സിനെ അവസാനമായി കാണാനെത്തി. സാധാരണക്കാരായ ജനങ്ങളുടെ നീണ്ട നിര വിഎസ് എന്ന ജനനേതാവിനെയും ഭരണാധികാരിയെയും അടയാളപ്പെടുത്തുന്നതായിരുന്നു.

Signature-ad

തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 3.20 ഓടെയായിരുന്നു വിഎസ് അച്യുതാനന്ദന്‍റെ അന്ത്യം. വി.എസിന്‍റെ വിയോഗ വിവരമറിഞ്ഞ് ആശുപത്രിയിലും രാപ്പകല്‍ വി.എസ് കര്‍മനിരതനായിരുന്ന പഴയ പാര്‍ട്ടി ആസ്ഥാനമായ എകെജി പഠന ഗവേഷണ കേന്ദ്രത്തിലും പതിനായിരങ്ങളാണ് ഇന്നലെ എത്തിച്ചേര്‍ന്നു. ഭരണാധികാരികളും സാധാരണ തൊഴിലാളികളും തിങ്ങി നിറഞ്ഞു. വി.എസ് വിശ്രമജീവിതം നയിച്ച ലോ കോളജിന് സമീപത്തെ വേലിക്കകത്ത് വീട്ടിലും സമരസഖാവിന് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു.

അതേസമയം, വിഎസ്.അച്യുതാനന്ദന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഒാഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും സ്റ്റാറ്റ്യൂട്ടറിസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മൂന്നു ദിവസം സംസ്ഥാനത്ത് ദുഖാചരണം പ്രഖ്യാപിച്ചു ദേശീയ പതാക താഴ്ത്തിക്കെട്ടും. സര്‍ക്കാരിന്‍റെ ചടങ്ങുകളൊന്നും ഈ ദിവസങ്ങളില്‍ ഉണ്ടാകില്ല. പൊതു ഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആലപ്പുഴ ജില്ലയില്‍ നാളെയും പൊതു അവധിയാണ്.

ദീര്‍ഘകാലമായി വിശ്രമജീവിതത്തിലായിരുന്നു വിഎസ് അച്യുതാനന്ദന്‍. മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ സ്ഥാപകനേതാവുമാണ്. മൂന്നുതവണ പ്രതിപക്ഷനേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ‌ഭരണപരിഷ്കാര കമ്മിഷന്‍റെ ആദ്യ അധ്യക്ഷനാണ്. അമ്പലപ്പുഴ, മാരാരിക്കുളം, മലമ്പുഴ എന്നിവിടങ്ങളില്‍ നിന്നായി ഏഴുതവണ എംഎല്‍എയായി. കേരളത്തെ ഇത്രനാള്‍ കണ്ണും കാതും നല്‍കി കാത്തുസൂക്ഷിച്ച ജനനേതാവാണ് വി.എസ്. മലയാളിയുടെ ജീവിതത്തിലും സാമൂഹിക ചുറ്റുപാടുകളിലും ഇതുപോലെ ഇടപെട്ട മറ്റൊരു നേതാവില്ല. രാഷ്ട്രീയപ്രവര്‍ത്തനം ശരികള്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കിയവരിലെ അവസാനകണ്ണികളിലൊരാള്‍. നികത്താനാവാത്ത വലിയ ശൂന്യത അവശേഷിപ്പിച്ചാണ് വി.എസ് യാത്രയാകുന്നത്.

Back to top button
error: