KeralaNEWS

ഗുരുക്കളുടെ പൂഴിക്കടകന്‍! കേരള’യിലെ തര്‍ക്കത്തില്‍ വിസിയെ അനുകൂലിച്ചു, സിപിഎം വെട്ടില്‍

തിരുവനന്തപുരം: സര്‍വകലാശാലാ പ്രശ്നങ്ങളില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍. കേരള സര്‍വകലാശാലയിലെ തര്‍ക്കത്തില്‍ സിന്‍ഡിക്കേറ്റിനെ തള്ളിയും വിസിയെ അനുകൂലിച്ചുമാണ് ഇംഗ്ലീഷ് ദിനപത്രത്തില്‍ അദ്ദേഹത്തിന്റെ ലേഖനം.

സര്‍വകലാശാലയില്‍ വിസി അധ്യക്ഷനായ എക്സിക്യുട്ടീവ് സമിതിയാണ് സിന്‍ഡിക്കേറ്റ്. വിസിയില്ലാതെ സിന്‍ഡിക്കേറ്റിന് നിയമപരമായോ പ്രാവര്‍ത്തികമായോ നിലനില്പില്ല. ഈ നിയമപരമായ അജ്ഞതയാണ് കേരള സര്‍വകലാശാലയിലെ പ്രതിസന്ധിക്കു കാരണം. വിസി അധ്യക്ഷത വഹിക്കാത്ത യോഗത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ കൂട്ടായി എടുക്കുന്ന തീരുമാനത്തിന് നിയമപരമായി നിലനില്പില്ല. വിസിയുടെ വിവേചനത്തെ ആശ്രയിച്ചാണ് തന്റെ അധികാരമെന്ന്, രജിസ്ട്രാര്‍ ബോധവാനായിരിക്കണമെന്നും ഗുരുക്കള്‍ പറയുന്നു.

Signature-ad

ചുമതലകളെക്കുറിച്ചു ധാരണയുള്ള ഒരു വിസിക്ക് അക്കാദമിക നിലവാരവും സിന്‍ഡിക്കേറ്റുമായി നല്ല ബന്ധവും കാത്തുസൂക്ഷിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നും ലേഖനത്തില്‍ പറയുന്നു.

ഗുരുക്കളുടെ പ്രതികരണത്തില്‍ സിപിഎം സംഘടനകള്‍ പ്രതിഷേധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാറിന്റെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പ്രസ്താവനയെന്ന് എകെപിസിടിഎ വിമര്‍ശിച്ചു. ഏകാധിപതികളായ വിസിമാരുടെ ചെയ്തികള്‍ക്ക് ഗുരുക്കള്‍ കൂട്ടുനില്‍ക്കുന്നതു ശരിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് എ. നിശാന്തും ജനറല്‍ സെക്രട്ടറി ഡോ. കെ. ബിജുകുമാറും അഭിപ്രായപ്പെട്ടു.

സര്‍വകലാശാലാനിയമവും ചട്ടവും സംബന്ധിച്ച് ഗുരുക്കള്‍ക്ക് വേണ്ടത്ര ധാരണയില്ലെന്ന് പ്രസ്താവന തെളിയിക്കുന്നതായി ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഫ്യുടിഎ) വിമര്‍ശിച്ചു.

 

 

Back to top button
error: