വിവാഹ ദിവസം മദ്യപിച്ചെത്തി, പിന്മാറിയാല് കിണറ്റില്‍ ചാടുമെന്ന് അമ്മയുടെ ഭീഷണി; സതീഷിനെതിരേ അതുല്യയുടെ പിതാവ്

കൊല്ലം: ബാറില്‍ കയറി മദ്യപിച്ചതിനുശേഷമാണ് സതീഷ് ശങ്കര്‍ സ്വന്തം വിവാഹത്തിന് എത്തിയതെന്ന് അതുല്യയുടെ പിതാവ് എസ് രാജശേഖരന് പിള്ള. ഷാര്‍ജ റോളയിലെ ഫ്ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
തേവലക്കര കോയിവിള സ്വദേശി ടി അതുല്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പിതാവ് എ സ് രാജശേഖരന് പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് അതുല്യയ്ക്ക് 17 വയസായിരുന്നു. അതുല്യയെ ഇഷ്ടമാണെന്ന് ബന്ധുക്കളോട് പറയുകയും സതീഷിന്റെ അമ്മ വന്ന് വിവാഹം ആലോചിക്കുകയുമായിരുന്നു. നിശ്ചയം കഴിഞ്ഞപ്പോള്‍ സതീഷിന്റെ സ്വഭാവത്തിലെ പ്രശ്നം മനസ്സിലായി. വിവാഹത്തിന് മദ്യപിച്ചാണ് വന്നത്. വിവാഹ പാര്‍ട്ടിയുടെ വാഹനം വരാന്‍ വൈകി. സതീഷിന്റെ മുഖം കണ്ടപ്പോള്‍ മദ്യപിച്ചെന്ന് മനസ്സിലായി. വിവാഹത്തില്‍നിന്ന് പിന്മാറിയാല് കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞുവെന്നുമാണ് അതുല്യയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.
അതുല്യയുടെ പിതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സതീഷിന്റെ അമ്മ ഉഷാദേവി പറഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടണം. അതുല്യ മരിച്ചതില്‍ വിഷമമുണ്ട്. 5 കൊല്ലമായി മകന് തന്നോട് സംസാരിച്ചിട്ട്. മകന്റെയോ മരുമകളുടേയോ കാര്യത്തില്‍ ഇടപെടാന്‍ പോയിട്ടില്ലെന്നും ഉഷാദേവി പറഞ്ഞു. മൂത്തമകന്റെ വീട്ടിലാണ് ഉഷാദേവി താമസിക്കുന്നത്. ജേഷ്ഠന് മരിച്ചപ്പോഴും സതീഷ് വീട്ടില്‍ വന്നില്ല. വിവാഹത്തിനുശേഷം വീട്ടില്‍നിന്ന് പോയെന്ന് ബന്ധുക്കള്‍ പറയുന്നു.
ചവറ എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തില്‍ മാരകമായി പരുക്കേല്പിക്കല് തുടങ്ങി ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. അതുല്യയുടെ പോസ്റ്റ്മോര്‍ട്ടം ഇന്നു ഷാര്‍ജയില്‍ നടക്കും. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ഇന്നു ഷാര്‍ജ പൊലീസിലും പരാതി നല്‍കുന്നുണ്ട്.
2014 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 43 പവന് സ്വര്‍ണവും ബൈക്കും സ്ത്രീധനം വാങ്ങിയാണ് മകളെ വിവാഹം കഴിച്ചതെന്നും ശാരീരികമായും മാനസികമായും മകളെ പീഡിപ്പിച്ചിരുന്നെന്നും 19ന് പുലര്‍ച്ചെ ഫ്ളാറ്റില്‍ വച്ചു മകളെ കൊലപ്പെടുത്തിയെന്നുമാണ് അതുല്യയുടെ അമ്മ പൊലീസിനു മൊഴി നല്‍കിയത്. ഇതു പ്രകാരമാണ് കൊലപാതകക്കുറ്റത്തിനു കേസെടുത്തത്.






