Breaking NewsKeralaLead NewsNEWS

കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒഴിച്ചുകൂടാനാകാത്ത നാമം ‘വിഎസ്’, പുന്നപ്രയുടെ വിപ്ലവ നായകൻ

കേരളം എന്ന സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പുതന്നെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിർണായക ശക്തിയായി മാറിയ പുന്നപ്രയുടെ വിപ്ലവ നായകൻ. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളെങ്കിലും അലറിവിളിക്കുന്ന മനുഷ്യത്തിരമാലകളെ വാക്കുകൾ തന്റെ സ്വത സിദ്ധമായ വാക്കുകൾ കൊണ്ട് പിടിച്ചിരിക്കാൻ കഴിവുള്ള വിപ്ലവകാരി…അതായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ 1923 ഒക്ടോബർ 20-നാണ് ശങ്കരന്റെയും അക്കമ്മയുടേയും മകനായി ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടർന്ന് ഏഴാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് തൊഴിലാളികൾക്കിടയിലേക്കിറങ്ങി. തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവർത്തന പ്രക്ഷോഭത്തിലൂടെയാണ് വി.എസിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമാവുകയായിരുന്നു. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവർത്തനങ്ങൾ വിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്.

Signature-ad

വി.എസിന്റെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. ആലപ്പുഴയിലെ കർഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമായിട്ടുള്ള നേതാവാണ് വി.എസ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ നാഴികക്കല്ലായ സമരമാണ് 1946-ൽ നടന്ന പുന്നപ്ര- വയലാർ പ്രക്ഷോഭം. ഇതോടെ പുന്നപ്രയുടെ വിപ്ലവ പുത്രമായി വിഎസ് മാറി.

1957-ൽ കേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വിഎസ് ആ സമിതിയിലെ ഒമ്പത് അംഗങ്ങളിൽ ഏറ്റവും ഒടുവിലെ വ്യക്തിയാണ് വിഎസ് അച്യുതാനന്ദൻ. എന്നാൽ പാർട്ടിയിലെ സ്ഥാനമാനങ്ങൾ തേടിയെത്തുമ്പോഴും പാർലമെന്ററി രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ആദ്യകാലം ശോഭനമായിരുന്നില്ല. 1965-ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ മത്സരിച്ചിട്ടു പോലും കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ.എസ്. കൃഷ്ണക്കുറുപ്പിനോട് ദയനീയമായി പരാജയപ്പെട്ടു വിഎസ് അച്യുതാനന്ദൻ.

പക്ഷെ രണ്ടുവർഷങ്ങൾക്കിപ്പുറം, 1967-ൽ കോൺഗ്രസിലെ തന്നെ എ. അച്യുതനെ 9515 വോട്ടുകൾക്ക് തറപറ്റിച്ച് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തി. പിന്നീട് ഈ വിജയം 1970-ലും ആവർത്തിച്ചു. ആർഎസ്പിയിലെ കെ.കെ കുമാരപിള്ളയായിരുന്നു അത്തവണ വി.എസിന്റെ ഇര.

1977-ൽ വിഎസ് രണ്ടാമതും പരാജയം ഏറ്റുവാങ്ങി. കുമാരപിള്ളയോട് തന്നെയാണ് വി.എസ് പരാജയപ്പെട്ടത്. 1977-ലെ പരാജയത്തിന് ശേഷം 1991-ലാണ് വിഎസ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് മടങ്ങിയെത്തുന്നത്. മാരാരിക്കുളം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ ഡി. സുഗതനെ 9980 വോട്ടിന് പരാജയപ്പെടുത്തിയാണ് വിഎസിന്റെ രണ്ടാം മടങ്ങിവരവ്.

പക്ഷെ അതും സ്ഥായിയായിരുന്നില്ല. 1996-ൽ പാർട്ടിക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് ഈ മണ്ഡലത്തിൽ തന്നെ വി.എസ് പരാജയപ്പെടുകയായിരുന്നു. പക്ഷെ ഈ തോൽവിയോടെ പരാജയം ഏറ്റുവാങ്ങി പിൻമാറികയല്ല വിഎസ് ചെയ്തത് പാർട്ടിക്കുള്ളിൽ കൂടുതൽ ശക്തനായി മാറുകയായിരുന്നു.

2001-ൽ സിപിഎമ്മിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് മലമ്പുഴയിലാണ് വിഎസ് ജനവിധി തേടിയത്. ഇടതുപക്ഷത്തിന് അഞ്ചക്കത്തിന് മുകളിൽ ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ഈ മണ്ഡലത്തിൽ വിഎസിന്റെ ഭൂരിപക്ഷം 4703-ൽ ഒതുങ്ങി. കണ്ണൂർ ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയായിരുന്നു മലമ്പുഴയിൽ വിഎസിന്റെ എതിരാളി. 2006-ൽ ഇതേ മണ്ഡലത്തിൽ വിഎസ് ഭൂരിപക്ഷം 20,017 ആയി ഉയർത്തിയിരുന്നു.

പല തവണ നിയമസഭയിൽ എത്തിയിട്ടും അധികാര സ്ഥാനങ്ങൾ വിഎസിന് ഏറെ അകലെയായിരുന്നു. പാർട്ടി ജയിക്കുമ്പോൾ വിഎസ് തോൽക്കും, വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും എന്നൊരു പ്രയോഗം തന്നെ ഇക്കാലയളവിൽ ഉണ്ടായി. എന്നാൽ, ഈ പ്രയോഗത്തിന് അവസാനമിട്ട് 2006-ൽ എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വിഎസിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

അതുകഴിഞ്ഞ് 2011-ൽ വിഎസ് വീണ്ടും മലമ്പുഴയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു. 2016-ൽ എൽഡിഎഫ് ഭരണത്തിൽ തിരിച്ചു വരികയും വിഎസ് മലമ്പുഴയിൽ നിന്നു വിജയം ആവർത്തിക്കുകയും ചെയ്‌തു. പക്ഷെ മുഖ്യമന്ത്രി ആകാനുള്ള നറുക്ക് വീണത് പിണറായി വിജയൻ ആയിരുന്നു. പ്രായാധിക്യത്തെയും അനാരോഗ്യത്തെയും തുടർന്ന് 2021-ലെ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തില്ലായിരുന്ന വിഎസ് പിന്നീടു വിശ്രമജീവിതം നയിക്കുകയായിരുന്നു.

 

Back to top button
error: