കാര്‍ത്തികപ്പള്ളി സ്കൂളില്‍ 150 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; മാധ്യമങ്ങളെ തടഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷപ്രതിപക്ഷവും

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ സ്ഥലത്ത് സംഘര്‍ഷം. സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കളെത്തി പുറത്താക്കി. ക്ലാസുകള്‍ നടക്കുന്ന സമയമാണെന്നും കുട്ടികള്‍ക്ക് പഠിക്കണമെന്നും പറഞ്ഞാണ് സി.പി.എം പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ ആദ്യം സ്ഥലത്തുനിന്ന് മാറ്റാന്‍ ശ്രമിച്ചത്. പിന്നാലെ യുഡിഎഫ് നേതാക്കളും എത്തി മാധ്യമ പ്രവര്‍ത്തകരോട് കയര്‍ക്കുകയായിരുന്നു.
കഴിഞ്ഞദിവസമാണ് കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തകര്‍ന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. പക്ഷേ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. അപകടം നടന്ന ശേഷം സ്കൂള്‍ അധികൃതര്‍ ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
200 വര്‍ഷത്തോളം പഴക്കമുള്ളതാണ് സ്കൂള്‍. മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇക്കാരണത്താല്‍ തന്നെ സ്കൂളിന് പഞ്ചായത്തില്‍ നിന്ന് ഫിറ്റ്നസ് അനുവദിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു. രണ്ടു വര്‍ഷമായി കെട്ടിടത്തിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. താത്കാലിക ഫിറ്റ്നസിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന്റെ പണിതീരാത്തതിനാല്‍ പഴയ കെട്ടിടത്തില്‍ തന്നെയാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
അതേസമയം, കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടും ക്ലാസുകള്‍ അങ്ങോട്ട് മാറ്റിയില്ലെന്ന ആരോപണമുണ്ട്. ഇന്ന് കാര്‍ത്തികപ്പള്ളിയിലെ സ്കൂളിലെത്തിയ മാധ്യമങ്ങളെ ബലമായി പുറത്തേക്ക് മാറ്റുകയായിരുന്നു. കാര്‍ത്തികപ്പള്ളി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ഇന്നലെ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മാധ്യമങ്ങള്‍ക്കെതിരെ ആക്രോശവുമായി പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളും സിപിഎം പ്രവര്ത്തരുമൊക്കെ എത്തിയത്.
അതേസമയം സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാധ്യമങ്ങളെ ഇറക്കിവിട്ടത് അന്വേഷിക്കുമെന്നും മാധ്യമവിലക്കല്ല പരിഹാരമെന്നും മന്ത്രി പറഞ്ഞു.






