ചീഫ് മിനിസ്റ്റേഴ്സ് എവറോളിംഗ് ട്രോഫിക്കായി കണ്ടശാങ്കടവ് വള്ളംകളി സെപ്റ്റംബര്‍ ആറിന്; അത്തംനാളില്‍ ജലോത്സവത്തിന് കൊടിയേറ്റം

തൃശൂര്‍: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് എവര്‍റോളിങ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ് വള്ളംകളി സെപ്റ്റംബര്‍ ആറിന് നടക്കും. ജലോത്സവ നടത്തിപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ ആലോചനാ യോഗം തൃശൂര്‍ സബ് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. സബ് കലക്ടര്‍ അഖില്‍ വി മേനോന് യോഗത്തിന് നേതൃത്വം നല്കി.
ഓഗസ്റ്റ് 26 അത്തംനാളില്‍ ജലോത്സവത്തിന് കൊടിയേറും. അഞ്ചുദിവസത്തെ വിപുലമായ ആഘോഷമാണ് ഉണ്ടാക്കുക. വള്ളംകളിയില്‍ ചുണ്ടന് വള്ളങ്ങളെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചും, ബിഎസ്എ എലുമായി സഹകരിച്ച് വള്ളംകളി തല്‍സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചും, ജില്ലയിലെ ഓണാഘോഷ പരിപാടികളില്‍ ഏതെങ്കിലും ഒന്ന് ജലോത്സവ നഗരിയില്‍ നടത്തുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കലോത്സവത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്, ജില്ലാ പഞ്ചായത്തംഗം വി. എന്‍ സുര്‍ജിത്, ജലവാഹിനി ബോട്ട് ക്ലബ് പ്രസിഡന്റ് കാര്ത്തികേയന്, വ്യാപാര വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിപുലമായ സംഘാടക സമിതി യോഗം പിന്നീട് ചേരും.






