ആശയ വിനിയമത്തിലെ പാളിച്ച പണിയായി; ഇസ്രയേല്‍ ബോംബിട്ടപ്പോള്‍ ഞെട്ടി! സിറിയന്‍ സൈന്യം തെക്കോട്ടു നീങ്ങിയത് അമേരിക്കയുടെയും ഇസ്രയേലിന്റെയും മൗനാനുവാദം ഉണ്ടെന്നു കരുതിയെന്നു റിപ്പോര്‍ട്ട്; തോമസ് ബരാക്കിന്റെ പ്രഖ്യാപനവും വിനയായി

ഡമാസ്കസ്/ബെയ്റൂട്ട്: സ്വീഡയിലേക്കു സൈന്യത്തെ വിന്യസിക്കാന്‍ അമേരിക്കയുടെയും ഇസ്രേയേലിന്റെയും പച്ചക്കൊടി കിട്ടിയെന്ന് സിറിയ വിശ്വസിച്ചിരുന്നെന്ന അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്സ്. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള കത്തിടപാടുകളും സിറിയയിലേക്കുള്ള പ്രത്യേക പ്രതിനിധി തോമസ് ബരാക്കിന്റെ ആഹ്വാനവുമാണ് സിറിയ മൗനാനുവാദമായി തെറ്റിദ്ധരിച്ചത്. ബെദൂയിന്‍ ആദിവാസി ഗോത്ര വിഭാഗങ്ങളും ഇസ്ലാമില്‍നിന്നുതന്നെ ഉരുത്തിരിഞ്ഞ മതമായ ഡ്രൂസ് വിഭാഗവും തമ്മിലുള്ള കലാപം അടിച്ചമര്‍ത്തുകയായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. എന്നാല്‍, ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ സൈന്യം അമ്പരന്നുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രീകൃത രാജ്യമെന്ന നിലയില്‍ സിറിയ ഭരിക്കണമെന്നു നേരത്തേ യുഎസ് സന്ദേശം നല്‍കിയിരുന്നു. എന്നാല്‍, മതിയായ ആശയവിനിമയമില്ലാതെ തെക്കോട്ടു നീങ്ങിയതാണ് ഇസ്രയേലിന്റെ ആക്രമണത്തിന് ഇടയാക്കിയതെന്നും റോയിട്ടേഴ്സ് സിറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തു. സ്വീഡയിലെ ഡ്രൂസ് വിഭാഗത്തിലെ നിരവധി ആളുകളെ സര്‍ക്കാര്‍ സേന കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണു ബുധനാഴ്ച സിറിയന്‍ സൈനിക കേന്ദ്രങ്ങളിലും ഡമാസ്കസിലും വ്യാപക വ്യോമാക്രമണം നടത്തിയത്. ഇസ്രയേലിന്റെ നീക്കം ഇസ്ലാമിസ്റ്റ് നേതൃത്വത്തെ അമ്പരപ്പിച്ചെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയതിനുശേഷം അധികാരമേറ്റ ഇടക്കാല സര്‍ക്കാരിനോടു തെക്കു ഭാഗത്തേക്കു നീങ്ങരുതെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കയില്‍നിന്നും ഇസ്രയേലില്‍നിന്നും തത്വത്തില്‍ അനുവാദം കിട്ടിയെന്നു വിശ്വസിച്ചായിരുന്നു നീക്കമെന്നു സിറിയന്‍ രാഷ്ട്രീയക്കാര്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍, രണ്ട് നയതന്ത്ര വിദഗ്ധര്‍, പ്രദേശിക സുരക്ഷാ വിഭാഗം എന്നിവരെ ഉദ്ധരിച്ചു ചൂണ്ടിക്കാട്ടുന്നത്.
സിറിയയിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി തോമസ് ബരാക്കുമായുള്ള ചര്‍ച്ചയും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി. സ്വയംഭരണ മേഖലകളില്ലതെ, ഒരു രാജ്യമെന്ന നിലയില്‍ സിറിയ കേന്ദ്രീകൃതമായി ഭരിക്കണമെന്ന ആഹ്വാനമാണ് ബാരാക്ക് നടത്തിയത്. എന്നാല്‍, സൈനിക നീക്കം നടത്താന്‍ പദ്ധതിയുണ്ടെന്ന വിവരം സിറിയയും പുറത്തുവിട്ടിരുന്നില്ല.
ബെദൂയിന്‍ ആദിവാസി ഗോത്ര വിഭാഗങ്ങളും ഇസ്ലാമില്‍നിന്നുതന്നെ ഉരുത്തിരിഞ്ഞ മതമായ ഡ്രൂസ് കമ്യൂണിറ്റിക്കാരും തമ്മിലുള്ള പോരാട്ടം അമര്‍ച്ച ചെയ്യാനാണു സ്വീഡ പ്രവിശ്യയിലേക്കു സൈന്യത്തെ അയച്ചത്. നഗരത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ഡ്രൂസ് വിഭാഗക്കാരില്‍നിന്നു വെടിവയ്പ് നേരിട്ടു. സിറിയന്‍ സൈന്യം തിരിച്ചടിച്ചതോടെയാണ് ഇസ്രയേല്‍ നടപടിയുമായി രംഗത്തെത്തിയത്.
സൈനികരഹിത മേഖലയായിരിക്കണമെന്ന് ഇസ്രായേല്‍ പരസ്യമായി പറഞ്ഞിട്ടുള്ള തെക്കന്‍ സിറിയയിലേക്ക് സിറിയന്‍ സൈന്യം പ്രവേശിക്കുന്നത് തടയാനും ഡ്രൂസിനെ സംരക്ഷിക്കുന്നതിനുള്ള ദീര്‍ഘകാല പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാനുമാണ് ഇസ്രായേല്‍ നടപടിയെന്നാണു ബെഞ്ചമിന്‍ നെതന്യാഹു ആക്രമണങ്ങളെ വിശേഷിപ്പിച്ചത്. ഡ്രൂസിനെതിരായ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നു സിറിയന്‍ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയും വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ടുതന്നെ വെടിനിര്‍ത്തലിനായി യുഎസ് ഇടപെട്ടിരുന്നു. ഇസ്രയേലും സിറിയയും തമ്മിലുള്ള തെറ്റിദ്ധാരണയെന്നാണു ഇതിനെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിശേഷിപ്പിച്ചത്. ഇരുവിഭാഗങ്ങള്‍തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സിറിയന്‍ സൈന്യത്തിന് അനുമതിയും നല്‍കിയിട്ടുണ്ടെന്നാണു വിവരം.

ഠ എല്ലാം ഓകെയെന്നു വിശ്വസിച്ചു
അമേരിക്കയുമായുള്ള കത്തിടപാടുകളാണ് ഡമാസ്കസിന്റെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നു സിറിയന്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. ഇസ്രയേലിനെ അറിയിക്കാതെതന്നെ സൈനിക വിന്യാസം സാധ്യമാകുമെന്നു കരുതി. സൈനിക വിന്യാസത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ അമേരിക്ക പ്രതികരിച്ചില്ല. ഇത് മൗനാനുവാദമായി കണക്കാക്കി. ‘ഇസ്രയേല്‍ ഇടപെടില്ലെ’ന്ന് സിറിയന്‍ നേതൃത്വത്തെ വിശ്വസിപ്പിച്ചെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
ഇതുവരെയുള്ള യുദ്ധത്തില്‍ കുറഞ്ഞത് 321 പേരെങ്കിലും മരിച്ചെന്നാണു വിവരമെന്നു സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നു. സ്വീഡയിലെ മൃതദേഹങ്ങള്‍ യഥാര്‍ഥമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിനു പിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ല. അച്ചടക്കമുള്ള സൈന്യത്തിന്റെ അഭാവവും ഇസ്ലാമിക തീവ്രവാദ പശ്ചാത്തലമുള്ള ഗ്രൂപ്പുകളുടെ കൂട്ടത്തെയും ആശ്രയിക്കുന്നതാണ് നിലവിലെ സിറിയന്‍ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുടെ പ്രതിസന്ധിയെന്നു പ്രദേശിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
മാര്‍ച്ചില്‍ സിറിയയുടെ തീരദേശ മേഖലയില്‍ നടന്ന വിഭാഗീയ അക്രമത്തില്‍ അലവൈറ്റ് ന്യൂനപക്ഷത്തില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണു ഷറയുമായി സഖ്യത്തിലുള്ള സൈന്യത്താല്‍ കൊല്ലപ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായതോടെ ഷറയുടെ സര്‍ക്കാരിനോടുള്ള അവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. സിറിയ വിഘടിച്ച് സംസ്ഥാനങ്ങളായി മാറുമെന്ന ഭയവുമുണ്ടെന്നു മുതിര്‍ന്ന ഗള്‍ഫ് അറബ് ഉദ്യോഗസ്ഥനും റോയിട്ടേഴ്സിനോടു പറഞ്ഞു. Exclusive: Syria believed it had green light from US, Israel to deploy troops to Sweida






