Breaking NewsHealthKeralaLead NewsLIFENEWS

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി: പെര്‍ഫ്യൂഷനിസ്റ്റുകള്‍ക്ക് എതിരേ പരാതിപ്പെട്ട ഡോ. അഷറഫ് ഉസ്മാനെ ആലപ്പുഴയ്ക്കു സ്ഥലംമാറ്റി; പകരം ഡോക്ടര്‍ ചുമതലയേറ്റു; ഹൃദയ ശസ്ത്രക്രിയകള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒന്നരമാസമായി മുടങ്ങിക്കിടക്കുന്ന കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. സംഭവത്തില്‍ പരാതിപ്പെട്ട വകുപ്പു മേധാവിയായ ഡോക്ടറെ സ്ഥലംമാറ്റി മറ്റൊരു ഡോക്ടറെ നിയമിച്ചു പ്രശ്‌നം ഒതുക്കിയിരുന്നു.

സര്‍ജറി കൈകാര്യം ചെയ്തിരുന്ന അസി. പ്രഫ. ഡോ. അഷ്‌റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കാണു സ്ഥലംമാറ്റിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മുമ്പുണ്ടായിരുന്ന, നിലവില്‍ ആലപ്പുഴയില്‍ ജോലി ചെയ്യുന്ന അസി. പ്രഫ. ഡോ. കെ. കൊച്ചുകൃഷ്ണനാണു പകരം ചുമതലയേറ്റത്. സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം അടുത്തയാഴ്ചമുതല്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ആരംഭിക്കും. ഡോ. അഷറഫ് നല്‍കിയ പരാതിയില്‍ പറയുന്ന പെര്‍ഫ്യൂഷനിസ്റ്റുകളെ നിലനിര്‍ത്തിയാണു ശസ്ത്രക്രിയകള്‍ നടത്തുക.

Signature-ad

ഡോക്ടറും പെര്‍ഫ്യൂഷനിസ്റ്റുകളും തമ്മിലുള്ള വിശ്വാസമില്ലായ്മയും തര്‍ക്കവുമാണ് ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണം. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രികളെയോ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയെയോ സമീപിക്കേണ്ട അവസ്ഥയുണ്ടായി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവിട്ടു നടത്തുന്ന ശസ്ത്രക്രിയ ഇവിടെ കുറഞ്ഞ നിരക്കിലാണു ചെയ്യുന്നത്. ഇതുവരെ അറുപതോളം ശസ്ത്രക്രിയകളാണു മുടങ്ങിയത്. സാധാരണ ആഴ്ചയില്‍ രണ്ടു ശസ്ത്രക്രിയകളാണു നടക്കാറ്. ഡോക്ടര്‍ ഉന്നയിച്ച പ്രശ്‌നത്തില്‍ അന്വേഷണം നടത്തിയെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയും വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.

Back to top button
error: