
ടെല്‍അവീവ്: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലിയോ പതിനാലാമന്‍ പാപ്പായെ ഫോണില്‍ വിളിച്ച് നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും പാപ്പ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. ഗാസയിലെ ആബാലവൃദ്ധം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പാപ്പ തന്റെ ആശങ്കയും വിഷമവും നെതന്യാഹുവിനെ അറിയിച്ചു.
കുട്ടികളും, പ്രായമായവരും, രോഗികളും അനുഭവിക്കേണ്ടി വരുന്ന ഹൃദയഭേദകമായ ദുരിതത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും വിശ്വാസികളെയും പലസ്തീനിലെയും ഇസ്രയേലിലെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും പാപ്പ വ്യക്തമാക്കിയതായി വത്തിക്കാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഖേദിക്കുന്നതായും തെറ്റുപറ്റിയതായും നെതന്യാഹു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഭാഷണം സൗഹൃദപരമായിരുന്നുവെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയെ കുറിച്ചും ഇരുവരും സംസാരിച്ചതായും ഇസ്രയേല്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു.
ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് കഴിഞ്ഞ് ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ എല്ലാ ആഴ്ചയും ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്ന ഫാദര്‍ ഗബ്രിയേല്‍ റൊമാനെല്ലിയടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. മുന്‍പ് ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ കാര്യങ്ങള്‍ തിരക്കിയിരുന്നത് ഫോളി ഫാമിലി ദേവാലയത്തിലെ ഫാദര്‍ ഗബ്രിയേലിനോടായിരുന്നു. ആക്രമണത്തെ അപലപിച്ച് ലിയോ പതിനാലാമന്‍ പാപ്പായും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനിയടക്കം ലോകനേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.






