
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ അധിക്ഷേപര്‍ഹമായ പോസ്റ്റിട്ടയാള്‍ക്ക് മൂന്ന് ദിവസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്കുമാറിനെയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്.
ജസ്റ്റിസുമാരായ ദേവന് രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെ ആയിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകള്‍. സമാന രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് നേരത്തെയും പ്രതിക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ കേസ് എടുത്തിരുന്നെങ്കിലും മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും പോസ്റ്റുകള്‍ പ്രസിദ്ധികരിച്ചതും കോടതി വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്.
കേസിലെ സാക്ഷിമൊഴികളും കേസിനു ആസ്പദമായ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ നിന്നും ക്രിമിനല്‍ കോടതിയലക്ഷ്യം നടത്തിയതായി വ്യക്തം ആവുന്നതായി കോടതി പറഞ്ഞു. ജസ്റ്റിസ്മാരായ രാജ വിജയരാഘവനും ജോബിന് സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ പ്രതിയെ ശിക്ഷിച്ചത്.
പ്രോസീക്യൂഷനു വേണ്ടി അഡ്വ കെ കെ ധീരേന്ദ്രകൃഷ്ണന്‍ ഹാജരായി. ജസ്റ്റിസ്സ് ദേവന് രാമചന്ദ്രനെ ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകന് കുളത്തൂര്‍ ജയ്സിങ് നല്കിയ പരാതിയില്‍ പി.കെ സുരേഷ്കുമാറിനെതിരെ കൊച്ചി സൈബര്‍ പൊലീസും ക്രിമിനല്‍ കേസ് എടുത്തിരുന്നു. കേസ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.






