മദ്യവും സ്റ്റിറോയിഡുകളും അയാളെ കൊന്നു; വിവാഹമോചനത്തിനുശേഷവും ഭര്‍ത്താവിനു ചെലവിനു നല്‍കിയ നടി

സ്‌ക്രീനില്‍ കാണുന്ന താരങ്ങളുടെ യഥാര്‍ത്ഥ ജീവിതകഥകള്‍ പലപ്പോഴും സിനിമാകഥകളെപ്പോലും വെല്ലുന്നതായിരിക്കും. ലൈംലൈറ്റില്‍ ചിരിച്ച മുഖത്തോടുകൂടി കാണുന്ന ഇവരില്‍ പലരും സ്വന്തം ജീവിതകഥകള്‍ വെളിപ്പെടുത്തുമ്പോഴാണ് നാം അമ്പരക്കുക. ചില ജീവിതകഥകള്‍ നമുക്ക് പ്രചോദനവുമാകാറുണ്ട്.
നിസ്സാര കാര്യങ്ങളില്‍പ്പോലും വീണു പോകുന്ന നമ്മള്‍ പലപ്പോഴും അതിശയിച്ചുപോകും ചിലരുടെ ജീവിതകഥകള്‍ കേള്‍ക്കുമ്പോള്‍. അത്തരത്തില്‍ ‘ഭാബിജി ഘര്‍ പര്‍ ഹെയ്നി’ലെ ‘അംഗൂരി ഭാഭി’ എന്നറിയപ്പെടുന്ന നടി ശുഭാംഗി ആത്രെ തന്റെ ജീവിതത്തിലൂടെ കടന്നുപോയ ചില അവസ്ഥകളെക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ്.

മദ്യത്തിന് അടിമയായെന്ന് തിരിച്ചറിഞ്ഞിട്ടും അവര്‍ താന്‍ അയാളുമായുള്ള ബന്ധം സംരക്ഷിക്കാന്‍ ശ്രമിച്ചു. തങ്ങള്‍ 17 വര്‍ഷം ഒന്നിച്ചുജീവിച്ചുവെന്നും നടി പറയുന്നു. ജോലിത്തിരക്കിലായതിനാല്‍ ഇയാളുടെ മദ്യപാനത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിഞ്ഞില്ല. മകള്‍ ആഷി അച്ഛന്റെ മദ്യപാന ശീലങ്ങളെക്കുറിച്ച് പറയുമായിരുന്നു.
മദ്യപിച്ചാല്‍ അയാള്‍ വല്ലാതെ ദേഷ്യപ്പെടും. കോവിഡ് സമയത്ത് വീട്ടിലിരുന്നപ്പോഴാണ് അത് അടുത്തുകണ്ട് ബോധ്യപ്പെട്ടതെന്നും ശുഭാംഗി ആത്രെ. 2018 ല്‍ പീയൂഷ് മുടി മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. അതിന്റെ ഭാഗമായാണ് സ്റ്റിറോയിഡുകള്‍ കഴിക്കാന്‍ തുടങ്ങിയത്. അതിനൊപ്പം അമിതമായ മദ്യപാനവും തുടര്‍ന്നു.
അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കി. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ല. ഒടുവില്‍ സ്വന്തം മാനസികാരോഗ്യം കണക്കിലെടുത്ത് 2020 ല്‍ ശുഭാംഗി വേര്‍പിരിയാന്‍ തീരുമാനിച്ചു.
വിവാഹമോചനത്തിനുശേഷവും സാമ്പത്തികമായി പിന്തുണച്ചു. പക്ഷെ എന്നിട്ടും മദ്യപാനത്തിന് ഒരു കുറവും ഉണ്ടായില്ലെന്ന് ശുഭാംഗി ആത്രെ പറയുന്നു. മുന്‍ ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ശുഭാംഗി വികാരാധീനയായി.
ഭര്‍ത്താവ് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് നടന്ന അവസാന സംഭാഷണവും അവര്‍ ഓര്‍ത്തു. ദയവായി സുഖം പ്രാപിക്കൂ എന്ന് ഞാന്‍ അവനോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒന്നിലധികം അവയവങ്ങളുടെ തകരാറാണെന്നും മദ്യമാണ് കാരണമെന്നും ഞാന്‍ മനസ്സിലാക്കി എന്നും അവര്‍ പങ്കുവെച്ചു.






