ഹൂതികളെക്കൊണ്ട് പൊറുതിമുട്ടി! ചെങ്കടലില്‍ ആക്രമിച്ച് മുക്കിയ കപ്പലില്‍ മലയാളിയും? സഹായം തേടി കുടുംബം

ആലപ്പുഴ: ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ഈ മാസം പത്തിന് ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും. കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് കാണാതായത്. ഈ മാസം ആറിന് അനിലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ ശ്രീജ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു.
ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി. 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഇസ്രയേല്‍ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമണത്തിന് കാരണമായതെന്നും യഹിയ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്ക് പ്രതികാരമായാണ് ചെങ്കടലിലെ ആക്രമണങ്ങള്‍ എന്നാണ് ഹൂതികള്‍ പറയുന്നത്.






