‘ബഡായി’ല്‍ വീഴല്ലേയെന്ന് ആര്യ!!! 15,000 ത്തിന്റെ സാരിക്ക് 1900; ഒട്ടേറെപ്പേര്‍ക്ക് പണം നഷ്ടമായി, പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം

കൊച്ചി: നടിയും ആങ്കറുമായ ആര്യ ‘ബഡായി’യുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മിച്ച് തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. നടി പൊലീസില്‍ പരാതി നല്കി. ബിഹാറില്‍നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഒട്ടേറെപ്പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പണം നഷ്ടപ്പെട്ടയാള്‍ പറഞ്ഞപ്പോഴാണ് ആര്യ വിവരം അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയതായി ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധിപേരാണ് തന്നെ ദിവസേനെ വിളിച്ച് പറയുന്നതെന്നും അവര്‍ പറഞ്ഞു. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈല്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മിച്ചാണ് തട്ടിപ്പ്.
പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകള്‍ നിര്‍മിക്കുന്നത്. ബന്ധപ്പെടാനായി ഫോണ്‍ നമ്പറുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പണം അടയ്ക്കേണ്ട ക്യുആര്‍ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യും. പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.
പതിനഞ്ചോളം പേജുകള്‍ റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചു. എന്നാല്‍ പത്തോളം പേജുകള്‍ തട്ടിപ്പുകാര്‍ വീണ്ടും തുടങ്ങി. ഉത്തരേന്ത്യയില്‍നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നതെന്ന് ആര്യ പറഞ്ഞു. സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു. ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ 1930ല്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.






