‘കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളീ?’ രാജീവ് ചന്ദ്രശേഖറിനെതിരേ നീക്കം ശക്തമാക്കി മറുപക്ഷം; സേവ് ബിജെപി കാമ്പെയ്‌നുമായി സമാന്തര നീക്കങ്ങള്‍; പുനസംഘടനയില്‍ തഴഞ്ഞതിനു പിന്നാലെ സുരേന്ദ്രനെ രാജ്യസഭാ സീറ്റിലും വെട്ടയത് ആര്‍എസ്എസിന്റെ അറിവോടെ?

തൃശൂര്‍: പുനസംഘടനയിലെ തഴയലിനു പിന്നാലെ സി. സദാനന്ദനെ രാജ്യസഭയിലേക്കു പരിഗണിച്ചതിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ പോര് രൂക്ഷം. അതൃപ്തര്‍ സമാന്തര നീക്കങ്ങളുമായി മുന്നോട്ട്. രാജ്യസഭാ സീറ്റില്‍ കെ. സുരേന്ദ്രനെ വെട്ടിയതു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണെന്നു വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ പക്ഷത്തിനു ലഭിച്ച വിവരം.
ദേശീയ നേതൃത്വത്തിനു കെ. സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ പേരുകളാണു രാജ്യസഭയിലേക്കു നേരത്തേ നല്‍കിയത്. ആദ്യ പരിഗണന സംസ്ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രനും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യാമയി കേരളത്തില്‍നിന്ന് എംപിയെ വിജയിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണു സുരേന്ദ്രന്‍ അവകാശമുന്നയിച്ചത് എങ്കിലും സി. സദാനന്ദന്റെ പേരാണു രാജീവ് കേന്ദ്ര നേതൃത്വത്തിനു നല്‍കിയത്.
അക്രമ രാഷ്ട്രീയത്തെ തുറന്നു കാണിക്കാന്‍ സിപിഎമ്മുകാര്‍ കാലു വെട്ടിമാറ്റിയ ഇരയെ ദേശീയ രാഷ്ട്രീയത്തിലും ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമെന്നു മോദി- ഷാ പക്ഷത്തെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. ആര്‍എസ്എസിന്റെ പിന്തുണയും ഇക്കാര്യത്തില്‍ രാജീവിനുണ്ട്. സംസ്ഥാനത്തെ ബി.ജെ.പിയില്‍ അവസാനവാക്ക് താനായിരിക്കുമെന്നു വ്യക്തമാക്കുകയാണു രാജീവ് ഇതിലൂടെ.
അതേസമയം, രാജീവ് ചന്ദ്രശേഖറിനെതിരെ വിപുലമായ പ്രചാരണമാണ് മറു വിഭാഗം സംഘടിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ‘ സേവ് ബിജെപി ഫോറം ‘ ശക്തമാക്കി. ഇടഞ്ഞുനില്‍ക്കുന്ന വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും സംഘമാണ് സമാന്തരനീക്കത്തിനു പിന്നിലുള്ളതെന്ന് പറയുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ ബിജെപി പിന്നോട്ടടിക്കുന്നുവെന്നും വികസനം മാത്രം പറഞ്ഞ് മുന്നോട്ടുപോകുന്നത് തിരിച്ചടിക്കുമെന്നുമാണ് പ്രചാരണം.
പാദപൂജ വിഷയത്തിലോ, ഗവര്‍ണര്‍ക്കെതിരെ ശക്തമായ സമരം എസ്എഫ്ഐ കൊണ്ടുവന്നപ്പോഴോ മിണ്ടിയില്ല. ‘കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളി?’ എന്നാണ് സേവ് ബിജെപി ഫോറം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ചോദിക്കുന്നത്. ഭാരവാഹിപ്പട്ടികയില്‍ തഴയപ്പെട്ട നേതാക്കള്‍ പരസ്യമായാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവരുന്നത്.
ഗോവ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞുവന്ന പി.എസ്. ശ്രീധരന്‍ പിള്ള, പുതിയ ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ കെ. സുരേന്ദ്രന്‍ എന്നിവരുടെ രാജ്യസഭാ മോഹം തല്‍കാലം നടക്കില്ലെന്ന് ഉറപ്പായി. നിലവിലുള്ള നേതൃത്വത്തിന്റെ ചുക്കാന്‍ പി.കെ. കൃഷ്ണദാസ് വിഭാഗത്തിന്റെ കയ്യിലാണെന്നതിനാല്‍ ശ്രീധരന്‍പിള്ളയും എതിര്‍ ഗ്രൂപ്പിന്റെ ഭാഗമാകും.
പ്രസിഡന്റിന് ട്രോള്‍ മഴ
സമൂഹമാധ്യമത്തില്‍ തീയതി മാറി രാമായണമാസ ആശംസ നേര്‍ന്ന രാജീവ് ചന്ദ്രശേഖറിന് ട്രോള്‍ മഴ. കര്‍ക്കടക മാസം എത്തുന്നതിന് മുന്‍പേ തന്നെ കുറിപ്പിട്ടത് ഇത്തരം കാര്യങ്ങളില്‍ യാതൊരു ധാരണയും പ്രസിഡന്റിന് ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി പ്രവര്‍ത്തകര്‍തന്നെ കമന്റിട്ടു. ‘കോര്‍പറേറ്റുകള്‍ക്ക് ഇന്നാണ് രാമായണമാസം തുടങ്ങുന്നതെങ്കില്‍, ഞങ്ങള്‍ക്ക് നാളെയാണ് ‘, മലയാളി അല്ലാത്ത മുതലാളിക്ക് കര്‍ക്കിടകമേത് ചിങ്ങമേത് ? തുടങ്ങി നിരവധി ട്രോളുകളാണ് രാജീവിനെതിരെ ഉയര്‍ന്നത്. സംഗതി കൈ വിട്ടതോടെ പോസ്റ്റ് മുക്കി ബിജെപി പ്രസിഡന്റ് തടിതപ്പി.






